Type Here to Get Search Results !

Bottom Ad

ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ മഹത്വമുള്ള രാവ്


റമസാനിലെ അവസാന ദിവസങ്ങളിലെ രാവുകള്‍ പ്രത്യേകം പ്രാധാന്യമുള്ളവയാണ്. ആയിരം മാസങ്ങള്‍ ഒരാള്‍ പുണ്യങ്ങള്‍ ചെയ്താല്‍ ലഭിക്കുന്നത്ര പ്രതിഫലം ഈ ദിനങ്ങളിലെ ഒരു പ്രത്യേക രാവില്‍ വിശ്വാസികള്‍ക്കു നല്‍കുമെന്ന താണ് ഈ രാത്രികളുടെ സവിശേഷത. ആയിരം മാസങ്ങളേക്കാള്‍ മഹത്വമുള്ളതാണ് 'വിധിനിര്‍ണയ രാവ്' എന്നറിയപ്പെടുന്ന 'ലൈലത്തുല്‍ ഖദ്ര്‍'. ലൈലത്തുല്‍ ഖദ്ര്‍ എന്നാല്‍ 'നിര്‍ണയത്തിന്റെ രാത്രി' എന്നാണര്‍ഥം. നന്മകളും വിജയങ്ങളും നിര്‍ണയിക്കപ്പെടുന്ന രാവാണിത്. പ്രഭാതം വരെ അനന്യസാധാരണമായ ശാന്തികൊണ്ടു വിളങ്ങുന്ന ലൈലത്തുല്‍ ഖദ്ര്‍ ദൈവത്തിങ്കല്‍നിന്ന് അസംഖ്യം അനുഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ അവസരമൊരു ക്കുന്ന ശുഭവേളയാകുന്നു.ദൈവികപ്രീതി ലക്ഷ്യംവച്ച് പ്രാര്‍ഥനാനിരതരാകുന്നവര്‍ പാഴാക്കാന്‍ പാടില്ലാത്ത അസുലഭ സന്ദര്‍ഭ മാണ് അത്യുല്‍കൃഷ്ടമായ ഈ രാത്രി പ്രദാനം ചെയ്യുന്നത്. പ്രബല അഭിപ്രായ പ്രകാരം റമസാന്‍ അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിലാണ് ഈ അനുഗൃഹീത രാത്രി പ്രതീക്ഷിക്കാവുന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ മുഖ്യനായ ഇബ്‌നു അബ്വാസ് വ്യക്തമാക്കുന്നത്, റമസാന്‍ 27 ന്റെ രാവിലാണ് ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കേണ്ടതെന്നാണ്. ലൈലത്തുല്‍ ഖദ്ര്‍ ഏതു രാവിലാണെന്നു വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. സഹീഹുല്‍ ബുഖാരിയില്‍ വിവരിച്ച ഒരു ഹദീസ് ഇങ്ങനെ: 'നബി തിരുമേനി ലൈലതുല്‍ ഖദ്ര്‍ വെളിപ്പെടുത്താന്‍ വന്നപ്പോള്‍ രണ്ടു വിശ്വാസികള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതു കണ്ടു. അപ്പോള്‍ നബി പറഞ്ഞു: ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ചു പറയാനായിരുന്നു ഞാന്‍ വന്നത്. അപ്പോഴാണ് രണ്ടു പേര്‍ തമ്മില്‍ ശണ്ഠ കൂടിയത്. അതിനാല്‍, ആ വിവരം എന്നില്‍നിന്ന് ഉയര്‍ത്തപ്പെട്ടു. ഒരുപക്ഷേ, അതു നിങ്ങള്‍ക്ക് നന്മയായേക്കാം'. ലൈലതുല്‍ ഖദ്‌റിനെ റമസാനിലെ അവസാന ഏഴു ദിനങ്ങളില്‍ പ്രതീക്ഷിക്കാമെന്ന മറ്റൊരു നബി വചനവുമുണ്ട്. വിശ്വാസികള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത വിവരണാതീത സമ്മാനമായ ലൈലത്തുല്‍ ഖദ്ര്‍ റമസാനിലെ അവസാന പത്തു ദിനങ്ങളിലെ ഒറ്റയായ രാവുകളിലാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാവു കൂടിയാണ് ലൈലതുല്‍ ഖദ്ര്‍. ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് പ്രത്യേകമായൊരു അധ്യായംതന്നെയുണ്ട് ഖുര്‍ആനില്‍. നിശ്ചയം നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു അത്. മാലാഖമാരും ആത്മാവും ദൈവാനുമതിപ്രകാരം എല്ലാ കാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ' (97:15).വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലൈലത്തുല്‍ ഖദ്‌റിനുള്ള പ്രാധാന്യം വിവരണാതീതമാണ്. മുഹമ്മദ് നബിയുടെ സമുദായത്തിനുള്ള പാരിതോഷികമായാണ് ഈ സവിശേഷ രാവിനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ളവരായിരുന്നു മുന്‍കാല സമുദായങ്ങള്‍. ഇക്കാരണത്താല്‍ത്തന്നെ നൂറ്റാണ്ടുകളോളം ദൈവാരാധന നടത്താന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍, 60നും 70നും ഇടയിലാണ് മുഹമ്മദീയ സമുദായത്തിന്റെ ആയുസ്സ് (ഹദീസ്). ആരാധനകളുടെ കാര്യത്തില്‍ മുന്‍കാല സമുദായങ്ങളുമായി കിടപിടിക്കുവാനും അവരെ മറികടക്കുവാനും ലൈലത്തുല്‍ ഖദ്ര്‍ സഹായിക്കുന്നു. ശരാശരി മനുഷ്യന്‍ തന്റെ ആയുഷ്‌കാലമത്രയും ആരാധനാ കര്‍മങ്ങള്‍ക്കായി ചെലവഴിച്ചാലും നേടിയെടുക്കാന്‍ കഴിയാത്ത മഹത്വം ലൈലത്തുല്‍ ഖദ്‌റിന്റെ ഒരേയൊരു രാത്രിയിലൂടെ നേടിയെടുക്കാനാകും. അറുപതും എഴുപതും വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്ന നമ്മുടെ ജീവിതചക്രത്തെ ഈ ഒരൊറ്റ രാത്രികൊണ്ട് കവച്ചുവയ്ക്കാന്‍ കഴിയുന്നത് ഇക്കാരണത്താലാണ്. നബി തിരുമേനി ഒരിക്കല്‍ ബനൂ ഇസ്‌റാഈല്‍ സമുദായത്തിലെ ഒരു യോദ്ധാവിനെ അനുയായികള്‍ക്കു പരിചയപ്പെടുത്തി. ശക്തനായ ഈ യോദ്ധാവിനു മുന്നില്‍ നിരന്തര പരാജയം നേരിട്ട ശത്രുക്കള്‍ ഭര്‍ത്താവിനെ കീഴടക്കാന്‍ തങ്ങള്‍ക്ക് അവസരമൊരുക്കിത്തന്നാല്‍ സമ്പത്ത് നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ പ്രലോഭിപ്പിച്ചു. ഭാര്യയുടെ വഞ്ചനയ്ക്കു വിധേയനായി ശത്രുസൈന്യം യോദ്ധാവിനെ കീഴടക്കുന്നു. ഈ സമയം തന്റെ രക്ഷയ്ക്കായി ഇയാള്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കു കയും പ്രാര്‍ഥന കേട്ട അല്ലാഹു രക്ഷപ്പെടാനുള്ള വഴി കാണിക്കുകയും ചെയ്തു. ഇതുപോലെ നമ്മുടെ പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടാന്‍ എന്തു ചെയ്യണമെന്ന് അനുയായികള്‍ പ്രവാചകനോടു ചോദിച്ചു. ഒരു രാത്രികൊണ്ട് തന്നെ ആയിരം 
മാസത്തേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ദിനങ്ങളാണു റമസാനിലുള്ളതെന്നു പ്രവാചകന്‍ വിശദീകരിച്ചു. റമസാനിലെ അവസാന പത്തു ദിനങ്ങള്‍ പ്രവാചകന്‍ പ്രത്യേകമായി ആരാധനകള്‍ക്കു തയാറെടുക്കു മായിരുന്നു. എന്നാല്‍ പ്രതിഫലങ്ങളുടെ ആ പവിത്ര രാവ് എന്നാണെന്നു പ്രവാചകന്‍ വ്യക്തമായി പറഞ്ഞുതരാത്തതു റമസാന്‍ മുഴുവനും നഷ്ടപ്പെടുത്താതെ ജീവസുറ്റതാക്കാന്‍ വേണ്ടിയാണ്. പ്രവാചകന്‍ പറഞ്ഞു: 'സത്യവിശ്വാസം ഉള്‍ക്കൊണ്ടും പ്രതിഫലം കാംക്ഷിച്ചും ആരെങ്കിലും ലൈലതുല്‍ ഖദ്‌റില്‍ നമസ്‌കരിച്ചാല്‍ അയാളുടെ കഴിഞ്ഞകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും'. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad