Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം: കൂടുതല്‍ തെളിവുകളുമായി കെ.സുരേന്ദ്രന്‍; പി ബി അബ്‌ദുൾ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയേക്കും


മഞ്ചേശ്വരം ; (www.evisionnews.in) മഞ്ചേശ്വരത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആക്ഷേപമുള്ളവരെ ഹൈക്കോടതി വിളിച്ചുവരുത്തി തെളിവെടുത്തു തുടങ്ങി.

2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ടിംഗ് ക്രമക്കേട് നടന്നെന്ന് ആരോപിച്ച് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരിൽ പോലും വോട്ട്‌ രേഖപ്പെടുത്തി എന്നായിരുന്നു പരാതി. ഈ പരാതി സാധൂകരിക്കുന്ന ചില തെളിവുകൾ സുരേന്ദ്രൻ കോടതിയിൽ സമർപ്പിച്ചതാണ് കേസിൽ വഴിത്തിരിവായത്.

മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവർ സ്വദേശി യു.എ.മുഹമ്മദിന്റെ മരണ സർട്ടിഫിക്കറ്റാണ് സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹാജരാക്കിയതെന്നാണ് വിവരം. ഈ രേഖ പ്രകാരം 2015 നവംബർ 5ന് മുഹമ്മദ് മരിച്ചു. എന്നാൽ 2016 മെയിൽ നടന്ന തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പർ ബൂത്തിൽ മുഹമ്മദിന്റെ വോട്ട് രേഖപെടുത്തപ്പെട്ടിരുന്നു എന്ന് റിട്ടേണിംഗ് ഓഫീസർ പി.എച്ച്.സിനാജുദ്ദീൻ ഹൈക്കോടതിയിൽ നേരിട്ടെത്തി മൊഴി നൽകിയിരുന്നു. ഈ മൊഴിയോടെയാണ് തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ.സുരേന്ദ്രന്റെ ഹർജിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ കോടതിയെത്തിയത്.

തുടർന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ പത്ത് വോട്ടർമാരോട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസയച്ചിരുന്നു. ജൂൺ മാസം 8,9 തീയതികളിൽ വോട്ടർമാർ നേരിട്ട് ഹാജരാവണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിൽ രണ്ടു പേർ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാവുകയും വോട്ട് ചെയ്‌തിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഭീഷണി മൂലം മറ്റ് നാലു പേർക്ക് സമൻസ് എത്തിക്കാൻ കഴിഞ്ഞില്ലെന്ന് അതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇവർക്ക് സമൻസ് എത്തിക്കാൻ പൊലീസ് സഹായം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

ഇവരാരും തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിൽ ഇല്ലായിരുന്നുവെന്നും, കള്ളവോട്ട് നടന്നിട്ടുള്ളതിനാൽ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ഹർജിയിൽ സുരേന്ദ്രൻ ആവശ്യപ്പെടുന്നു. കഴിഞ്ഞ നിയമസസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും 89 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു ലീഗ് സ്ഥാനാർഥി പി.ബി അബ്‌ദുൾ റസാഖിനോട് കെ.സുരേന്ദ്രൻ പരാജയപ്പെട്ടത്. അതേസമയം, ആരോപണം കോടതിയിൽ തെളിയിക്കാനായാൽ ഒരു പക്ഷേ അബ്‌ദുൾ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കാനോ, കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്.







Post a Comment

0 Comments

Top Post Ad

Below Post Ad