തിരുവനന്തപുരം: (www.evisionnews.in) സംസ്ഥാനത്ത് ഇന്നുമുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റേയും ബിയറിന്റേയും വില കൂടും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 80 രൂപ വരെയുമാണ് വില വര്‍ധന. നിലവിലുള്ള വിലയുടെ അഞ്ച് ശതമാനമാണ് വര്‍ധന. പൂട്ടിയ മദ്യവില്‍പ്പനശാലകളില്‍ നിന്നുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനാണ് നടപടി.
ബിയറിന്റെ വില 10 രൂപ മുതല്‍ 20 രൂപ വരെയാണ് കൂടുക. ഒരു കെയ്‌സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍ നിന്നു 29 ശതമാനമായി ബവ്‌റജിസ് കോര്‍പ്പറേഷന്‍ ഉയര്‍ത്തി. ഇതിന്റ അടിസ്ഥാനത്തിലാണ് ആനുപാതിക വില വര്‍ധന. അതായത് 750 മില്ലിലിറ്റര്‍ മക്ഡവല്‍ ബ്രാന്‍ഡിയുടെ വില നിലവിലുള്ളതിനേക്കാള്‍ 20 രൂപ കൂടും. കോര്‍പറേഷന്റെ ഭാരിച്ച നഷ്ടം ഒഴിവാക്കുന്നതിനാണ് വിലവര്‍ധന നടപ്പാക്കുന്നതെന്നാണ് കോര്‍പ്പറേഷന്‍ ന്യായീകരണം.
കഴിഞ്ഞമാസം മാത്രം നഷ്ടം 100 കോടിയിലേറെയെന്നാണ് കണക്കുകള്‍. ബവ്‌കോയുടെ ആകെയുള്ള ചില്ലറ മദ്യവില്‍പ്പനശാലകളില്‍ 90 എണ്ണം ഇപ്പോഴും പലവിധ എതിര്‍പ്പുകള്‍ കാരണം തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ദേശീയപാതയില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ കോടതി അനുമതി നല്‍കിയതോടെ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് ബവ്‌കോയുടെ വിശ്വാസം. ഇങ്ങനെ 14 മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ കഴിയുമെന്നാണ് ബവ്‌കോ പറയുന്നത്.
Post a Comment
0 Comments