ന്യൂഡൽഹി(www.evisionnews.in) തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുകാരനെ വാട്സാപ്പ് വഴി സ്ത്രീകൾ വിൽപ്പനയ്ക്കു വച്ചു. മൂന്നു സ്ത്രീകൾ ചേർന്ന് 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിൽപ്പനയ്ക്കു വച്ചത്. ദത്തെടുക്കൽ, വാടക ഗർഭപാത്രം നൽകൽ റാക്കറ്റിന്റെ ഭാഗമാണ് ഈ സ്ത്രീകളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാലുപേർ ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവരെ അറസ്റ്റു ചെയ്തു.തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ ആറു സ്ഥലങ്ങളിൽ കൊണ്ടുപോയിരുന്നു. പിന്നീടാണ് ഡൽഹിയിലെത്തിച്ചത്. കൂടുതൽ പണത്തിന് വിൽക്കണമെന്നായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. വാട്സാപ്പിലൂടെ ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ചിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചതിനു പിന്നാലെ പിടിക്കപ്പെടുമെന്ന ഭയത്തിൽ തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ കുട്ടിയെ രഘുബീർ നഗറിലുള്ള ക്ഷേത്രത്തിൽ ഉപേക്ഷിച്ചു. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ രാധ (40), സോണിയ (24), സരോജ് (34), ജാൻ മുഹമ്മദ് (40) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.കുട്ടിയുടെ മാതാപിതാക്കൾ നമസ്കാരത്തിനായി തയാറെടുക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോന്നതെന്ന് പിടിയിലായ ജാൻ മുഹമ്മദ് സമ്മതിച്ചു. കുട്ടിയെ വിറ്റുകിട്ടുന്നതിൽനിന്നും നല്ല പങ്ക് നൽകാമെന്നു പറഞ്ഞ ജാൻ കുഞ്ഞിനെ രാധയുടെ വീട്ടിലെത്തിച്ചു. കുറച്ചുദിവസം വീട്ടിൽ സൂക്ഷിച്ച കുഞ്ഞിനെ രാധ, ഒരു ലക്ഷം രൂപയ്ക്ക് സോണിയയ്ക്കു കൈമാറി. പിന്നീട് സോണിയ, സരോജിനും. സരോജാണ് വാട്സാപ്പ് വഴി കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചത്.
രണ്ടര വയസ്സുകാരനെ വാട്സാപ്പ് വഴി വിൽക്കുവാൻ ശ്രമം:സ്ത്രീകളടക്കം നാല് പേർ അറസ്റ്റിൽ
15:14:00
0
Tags
Post a Comment
0 Comments