നീലേശ്വരം (www.evisionnews.in): ജില്ലയില്‍ എച്ച്.എസ്.എ മലയാളം തസ്തികയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സമരത്തിലേക്ക്. പൊതു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മാതൃഭാഷയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്ന നടപടികളും നടക്കുമ്പോഴും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാണിക്കുന്ന ഉദാസീനതയ്‌ക്കെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഇരുപത്തിമൂന്ന് ഒഴിവുകളാണ് ജില്ലയിലുള്ളത്. ഇത് മുഴുവന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടവയുമാണ്. എന്നാല്‍ ആറ് ഒഴിവുകള്‍ മാത്രമാണ് സി.ഡി ഇ ഓഫിസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഈ ഒഴിവുകളിലേക്ക് പി.എസ്.സി അഡൈ്വസ് മെമ്മോ അയക്കുകയും ചെയ്തു. ബാക്കി വരുന്ന ഒഴിവുകള്‍ ഇതിവരെയായും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതര ജില്ലകളില്‍ കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഇവിടെ ഈ സ്ഥിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി, റവന്യുമന്ത്രി, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ നിവേദനവും നല്‍കിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഡയരക്ടറേയും ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ സമരത്തിനിറങ്ങുന്നത്. താത്കാലികമെന്ന പേരില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തിരുകി കയറ്റിയ സംരക്ഷിത അധ്യാപകര്‍ക്കായാണ് ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കുന്നതെന്ന ആരോപണവുമുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതു സംബന്ധിച്ച അന്വേഷണവുമായി ഡി.ഡി.ഇ ഓഫിസിലെത്തുന്നവര്‍ക്ക് പരസ്പര വിരുദ്ധമായ മറുപടികളാണത്രേ ലഭിക്കുന്നത്.
പി. എസ്.സിക്ക് ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പു മേധാവികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നയവും ഇവിടെ കാറ്റില്‍ പറത്തുകയാണ്.സാധാരണ നിലയില്‍ ഓരോ അക്കാദമിക വര്‍ഷത്തിലും ഉണ്ടാകുന്ന ഒഴിവിന്റെ 30 ശതമാനം വീതം പ്രൈമറി അധ്യാപകരുടെ സ്ഥാനക്കയറ്റം വഴിയും, അന്തര്‍ജില്ലാ സ്ഥലം മാറ്റം വഴിയും നികത്തും. 10 ശതമാനം തസ്തിക മാറ്റം വഴിയാണ് നികത്തുക. ബാക്കി വരുന്ന 30 ശതമാനം പി.എസ്.സി വഴി നിയമിക്കപ്പെടേണ്ടതാണ്. കൂടാതെ അന്തര്‍ജില്ലാ സ്ഥലം മാറ്റം കഴിഞ്ഞ ബാക്കി വരുന്ന ഒഴിവുകളും പി.എസ്.സിക്ക് നല്‍കേണ്ടതാണ്.
2015-16, 16-17 അക്കാദമിക വര്‍ഷങ്ങളില്‍ എച്ച്.എസ്.എ മലയാളം റാങ്ക് പട്ടിക ജില്ലയില്‍ നിലവിലുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ഈ വര്‍ഷങ്ങളില്‍ പ്രൈമറി അധ്യാപകരുടെ പ്രമോഷന്‍, അന്തര്‍ജില്ലാ സ്ഥലം മാറ്റം എന്നിവ വഴി ഒഴിവുകള്‍ നികത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി പി.എസ്.സിക്കു നല്‍കേണ്ട ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതോടൊപ്പം അന്തര്‍ജില്ലാ സ്ഥലം മാറ്റം കഴിഞ്ഞ് ബാക്കി വന്ന ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 2012 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ചു വര്‍ഷത്തിനു ശേഷം കഴിഞ്ഞ മാസമാണ് ജില്ലയില്‍ എച്ച്.എസ്.എ മലയാളം റാങ്ക് പട്ടിക നിലവില്‍ വന്നത്. ഇതില്‍ നിന്ന് സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ നിയമനങ്ങള്‍ നടക്കേണ്ടതായിരുന്നു.
എന്നാല്‍ ഇതുവരെയായും അതുണ്ടായിട്ടില്ല. മുന്‍ വര്‍ഷങ്ങളിലേതുള്‍പ്പെടെയുള്ള ഒഴിവുകള്‍ ഉണ്ടായിട്ടും പി.എസ്.സി വഴി നിയമനം നടത്താതെ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന ജീവനക്കാരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Post a Comment
0 Comments