കൊല്ലം : (www.evisionnews.in)ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ യോഗത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് എടുത്ത നിലപാടിനെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സംഭവങ്ങളില്‍ മുകേഷില്‍നിന്നു വിശദീകരണം തേടാനും സാധ്യതയുണ്ട്.
അതേസമയം, കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു. നഗരത്തില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷും ഗണേഷും ജനപ്രതിനിധികളുടെ അന്തസ് കളഞ്ഞെന്ന് ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു.
അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളാണ് അഭിനേതാക്കളും എംഎല്‍എ മാരുമായ മുകേഷിനെയും കെ.ബി. ഗണേഷ്‌കുമാറിനെയും ചൊടിപ്പിച്ചത്. പക്ഷേ, വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചു.
ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികള്‍ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് അറിയിച്ചു.
Post a Comment
0 Comments