ഉദുമ:(www.evisionnews.in) കാസര്‍കോട്- കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവേയില്‍ ഉദുമ ടൗണില്‍ കെ.എസ്.ടി.പി ക്ക് വേണ്ടി ആര്‍.ഡി.എസ് എന്ന കമ്പനി നടത്തി വരുന്ന റോഡ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടും അപകടങ്ങള്‍ തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക മനുഷ്യ ഡിവൈഡര്‍ തീര്‍ത്തു. ഉദുമ സിണ്ടിക്കേറ്റ് ബാങ്ക് മുതല്‍ സഹകരണ ബാങ്ക് വരെ തീര്‍ത്ത പ്രതീകാത്മക ഡിവൈഡറില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദ് ഷരീഫ്, ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.വി.ഹരിഹര സുധന്‍, കണ്‍വീനര്‍ ഫറൂഖ് കാസ്മി, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രഭാകരന്‍ തെക്കേക്കര, കെ. സന്തോഷ് കുമാര്‍, മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, കെ.വി.അപ്പു, ചന്ദ്രന്‍ നാലാം വാതുക്കല്‍, രജിത അശോകന്‍, ബീവി അഷറഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,പ്രവര്‍ത്തകര്‍, വ്യാപാരികള്‍ , ഉദുമ ക്കാര്‍ കൂട്ടായ്മ അംഗങ്ങള്‍,തൊഴിലാളി സംഘടനകള്‍, ബഹുജനങ്ങള്‍ ഓട്ടോ- ടാക്‌സി ഡൈവര്‍മാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അണിനിരന്നു.
ഉദുമയിലെ ജനങ്ങളുടെയും ഉദുമ ടൗണില്‍ കൂടിയുള്ള വഴിയാത്രക്കാരുടെയും ജീവന്‍ സംരക്ഷിക്കുന്നതിനും ഈ സംസ്ഥാന പാത അപകട രഹിതമാക്കുന്നതിനും വേണ്ടി ആവശ്യമായ ഡിവൈഡര്‍ സ്ഥാപിക്കുന്നതു വരെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരരംഗത്ത് ഉണ്ടാകുമെന്ന് മനുഷ്യ ഡിവൈഡറില്‍ അണിനിരന്നവര്‍ പ്രതിജ്ഞയെടുത്തു. ഈ സമരം സൂചന മാത്രമാണെന്നും ജനങ്ങളുടെ ആവശ്യം അംഗീകരിച്ചു കിട്ടിയില്ലെങ്കില്‍ വരും നാളുകളില്‍ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ദുമ വികസന ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ഉദുമ ടൗണില്‍ കെ. എസ്. ടി പി. റോഡ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയായിട്ടും ഡിവൈഡര്‍ നിര്‍മ്മിക്കാത്തതിനാല്‍ വാഹനങ്ങള്‍ തെറ്റായ ദിശയിലും അതിവേഗത്തിലും മറികടക്കുന്നതു കൊണ്ട് അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ബിറ്റുമിന്‍ മെക്കാഡം രീതിയില്‍ പാതയുടെ പുനര്‍ നിര്‍മാണം നടന്ന് ദിവസങ്ങള്‍ക്കകം ചെറുതും വലുതുമായി പതിനാലോളം അപകടങ്ങളാണ് സംഭവിച്ചത്. നാല് പേര്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു. ജനത്തിരക്കേറിയ ടൗണില്‍ നിലവില്‍ പുനര്‍ നിര്‍മ്മിച്ച റോഡിന് ആവശ്യമായ വീതിയില്ലാത്തതിനാലും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനോ പരിശോധിക്കുവാനോ ആവശ്യമായ സ്പീഡ് ക്യാമറയോ ബാരിക്കേ ഡോ നിര്‍മ്മിക്കാത്തതിനാലും നിലനില്‍ക്കുന്നത് ഒരു വലിയ ഭീഷണിയാണ്. തൊട്ടടുത്ത് റെയില്‍വേ ട്രാക്കായതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങള്‍ റെയില്‍വെ ട്രാക്കിലേക്ക് ഇടിച്ചു കയറാനുള്ള സാദ്ധ്യതയും കൂടുതലാണ്. നിലവില്‍ റെയില്‍വേ സൈഡില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇരുമ്പുവേലി വളരെ ദുര്‍ബലമാണ് . റോഡും റെയിലും വളരെ അടുത്തടുത്താണ്. ദിനംപ്രതി നൂറു കണക്കിന് ചരക്കു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡായതിനാല്‍ എതിര്‍ ദിശയില്‍ നിന്നും ക്രമം തെറ്റി അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഏതു നിമിഷവും നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് ഇടിച്ചു കയറി എന്നു വരാം. ഈ കാര്യങ്ങളൊന്നും പരിഗണിക്കാതെ റോഡ് നിര്‍മ്മാണത്തില്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി തന്നെ ഡി വൈഡര്‍ നിര്‍മിക്കാത്തത് വലിയ ഒരു അപാകതയാണ്.
വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല. ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വില്ലേജ് ഓഫീസ്, ഗവ.ആസ്പത്രി, കൃഷിഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളും ഉദുമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ് സുരക്ഷയ്ക്ക് ആവശ്യമായ ഡിവൈഡുകള്‍ സ്ഥാപിക്കാനോ സിഗ്‌നലുകള്‍ സ്ഥാപിക്കാനോ സീബ്രാലൈന്‍ ഉണ്ടാക്കാനോ റോഡ് നിര്‍മ്മാണ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രദേശത്തെ ഓവുചാലുകളുടെയും അരികു റോഡുകളുടെയും പണിയും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്.വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഉദുമ ക്കാര്‍ കൂട്ടായ്മയുടെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമര രംഗത്തിറങ്ങിയത്.
keywords-udum-kstp-divider
keywords-udum-kstp-divider
Post a Comment
0 Comments