കാസര്‍കോട്: (www.evisionnews.in)വീഡിയോ ഗെയിം നിര്‍മ്മാണ രംഗത്തെ അപൂര്‍വ്വ നേട്ടവുമായി കാസര്‍കോട് സ്വദേശി. ജപ്പാനില്‍ വെച്ച് നടന്ന അന്താരാഷ്‌ട്ര വീഡിയോ ഗെയിം ബിറ്റ് സമ്മിറ്റില്‍ 2017 ലെ മികച്ച വീഡിയോ ഗെയിമായി തിരഞ്ഞെടുത്തത് കാസര്‍കോട് സ്വദേശിയായ സൈനുദ്ദീന്‍ ഫഹദിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച അസുരയെന്ന ഗെയിം.
ഇന്ത്യന്‍ പുരാണകഥയെ ആസ്‌പദമാക്കി നിര്‍മ്മിച്ച അസുര ഇപ്പോള്‍ നേട്ടങ്ങള്‍ കൊയ്‌തു മുന്നേറുകയാണ്. 2017ലെ ഗെയിമെര്‍ വോയിസ് അവാര്‍ഡ് നോമിനേഷന്‍, പാക്‌സ് ഈസ്റ്റ് ഒഫീഷിയല്‍ ഇന്‍ഡി മെഗാ ബൂത്ത് സെലക്ഷന്‍ എന്നിവയും അസുരയെത്തേടിയെത്തി. വീഡിയോ ഗെയിം ലോകത്ത് സൂപ്പര്‍ ഹിറ്റായ അസുര റിലീസ് ചെയ്‌ത് ആദ്യ ആഴ്‌ച തന്നെ 25000 പേരാണ് പണം നല്‍കി ഡൗണ്‍ ലോഡ് ചെയ്‌തിരിക്കുന്നത്.
ഭാരതീയ മിത്തുകളിലധിഷ്‌ടിതമായി രൂപപ്പെടുത്തുന്ന ഗെയിമുകള്‍ കുട്ടികള്‍ക്കിടയില്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമാകുമെന്ന കണ്ടെത്തലുകളാണ് ഈ വിഷയത്തെ ആസ്‌പദമാക്കി ഗെയിം നിര്‍മ്മിക്കാന്‍ ഫഹദിന് പ്രേരണയായത്. ആധുനിക ഗെയിമുകളിലധികവും റൈസുകള്‍ കേന്ദ്രീകൃതമാകുമ്പോള്‍ അത് കുഞ്ഞുമനസ്സുകളില്‍ തീര്‍ക്കുന്നത് പലതരം ആകുലതകളാണ്. അതില്‍ നിന്നും മാറി അവര്‍ക്ക് നന്മയും തിന്മയും തമ്മിലുള്ള വേര്‍തിരിവ് കാണിച്ചു കൊടുക്കാനാണ് പുരാണ കഥാപാത്രങ്ങളെ ഫഹദ് ഗെയിം നിര്‍മ്മാണത്തിനുപയോഗിച്ചത്. അസുര ഒരു കഥാപാത്രമാണെങ്കിലും ഗെയിമിന്റെ മാര്‍ക്കറ്റിങ്ങില്‍ ഈ പേര് ബ്രാന്റഡ് ആയി മാറുകയായിരുന്നു.
വിപണിയിലിറങ്ങുന്നതിന് മുമ്പേ തന്നെ അസുര ഒരുപാട് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഇത് ഇന്‍ഡി ഗെയിം ലോകത്ത് അപൂര്‍വ്വ സംഭവമാണ്. ഇന്ത്യയിലെ ഐ.ടി, സോഫ്‌റ്റ്‌വെയര്‍ ട്രേഡ് സംഘടനയായ നാസ്‌കോംമിന്റെ ഗെയിം ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയുടെ ഭാവി ഗെയിം ആയി തിരഞ്ഞെടുക്കുകയും, റിലയന്‍സിന്റെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് അസുരയെ റിലീസിന് മുമ്പേ തേടിയെത്തിയത്.
ഹൈദരബാദില്‍ ഫഹദിന്റെ നേതൃത്വത്തിലുള്ള ഓഗ്രെ ഹെഡ് ആനിമേഷന്‍ സ്റ്റുഡിയോ ഇപ്പോള്‍ ഇന്ത്യന്‍ ഗെയിം വ്യവസായ ലോകത്ത് കുറഞ്ഞ സമയം കൊണ്ടു തന്നെ പേരെടുത്ത് കഴിഞ്ഞു. മുംബൈയിലെ പ്രശസ്‌തമായ മായ അക്കാഡമി ഓഫ് അഡ്വാന്‍സ് സിനിമാറ്റിക്‌സില്‍ നിന്നാണ് ആനിമേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ വ്യാപാരിയായ കാസര്‍കോട് ഫോര്‍ട് റോഡിലെ ഫിറോസ് റോയലിന്റെയും ഫൗസിയയുടെയും പുത്രനാണ് സൈനുദ്ദീന്‍ ഫഹദ്.
Post a Comment
0 Comments