ബേക്കല്‍ (www.evisionnews.in): പനയാല്‍ കാട്ടിയടുക്കത്ത് വീട്ടമ്മയെ കഴുത്തു മുറുക്കിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ദേവസ്യയും സംഘവും കഴിഞ്ഞ ദിവസം കാട്ടിയടുക്കത്തെത്തി ദേവകിയുടെ വീട്, മൃതദേഹം കാണപ്പെട്ട സെന്‍ട്രല്‍ ഹാള്‍, വീടിന്റെ വാതിലുകള്‍, വീട്ടിലേയ്ക്കുള്ള വഴികള്‍ എന്നിവ വിശദമായി പരിശോധിച്ചു.
ഇക്കഴിഞ്ഞ ജനുവരി 13ന് രാത്രിയിലാണ് ദേവകി (65) സ്വന്തം വീട്ടിനകത്തു കൊല്ലപ്പെട്ടത്. പിറ്റേന്ന് വൈകുന്നേരമാണ് കൊല പാതക വിവരം പുറത്തറിഞ്ഞത്. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനു കൈമാറിയത്. കിടക്കപ്പായയില്‍ ആണ് ദേവകി കൊല്ലപ്പെട്ടത്.ശബ്ദം പുറത്തു വരാതിരിക്കാന്‍ വായ് പൊത്തിപ്പിടിക്കുകയും മരണം ഉറപ്പാക്കാന്‍ കഴുത്തു ഞെരിച്ചിരുന്നതായും ജഡം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കേളജിലെ പൊലീസ് സര്‍ജ്ജന്‍ ഗോപാലകൃഷ്ണപ്പിള്ള വ്യക്തമാക്കിയിരുന്നു. കൊല്ലുക എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രമേ കൊലയാളികള്‍ക്കു ഉണ്ടായിരുന്നുള്ളൂവെന്ന നിഗമനത്തിലേയ്ക്കാണ് സര്‍ജന്റെ മൊഴി വിരല്‍ ചൂണ്ടുന്നത്. ദേവകിയുടെ വീട്ടില്‍ നിന്നു ഒന്നും നഷ്ടപ്പെടുകയും ചെയ്തിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നാണ് നാട്ടുകാരും ബന്ധുക്കളും പ്രതീക്ഷിക്കുന്നത്.
Post a Comment
0 Comments