കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ സമന്‍സ് കിട്ടിയ ഏഴുപേരും ഇന്ന് ഹൈകോടതിയില്‍ ഹാജരാകും. കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോടതി സമന്‍സ് അയച്ചവരാണ് കോടതിയില്‍ ഹാജരാവുക. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നുവെന്നും എന്നാല്‍ ആ പേരില്‍ നാട്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖിന് വോട്ട് ചെയ്തിട്ടുണ്ടെന്നും കാട്ടി കോടതി സമന്‍സ് അയച്ച ഉപ്പള പച്ചമ്പളയിലെ അബൂബക്കറിന്റെ ഭാര്യ സാറാബി, ബി.എച്ച് മുഹമ്മദ്, മുഹമ്മദിന്റെ ഭാര്യ നഫീസ, യൂസഫിന്റെ മകന്‍ അബ്ദുല്‍ റസാഖ്, അബ്ദുല്‍ ഖാദറിന്റെ മകന്‍ യൂസഫ്, ഇബ്രാഹിം യൂസഫിന്റെ മകന്‍ അബ്ദുല്ല, അബ്ദുല്ലയുടെ മകള്‍ ഫാത്തിമത്ത് ഷഹനാസ് എന്നിവരാണ് കോടതിയില്‍ ഹാജരാവുന്നത്.
ചൊവ്വാഴ്ച വൈകിട്ട് ഇവര്‍ കാസര്‍കോട്ട് നിന്നും യാത്ര തിരിച്ചിരുന്നു. ഇതില്‍ സാറാബിക്ക് മാത്രമാണ് പാസ്പോര്‍ട്ടുള്ളത്. മറ്റുള്ളവര്‍ക്കൊന്നും പാസ്പോര്‍ട്ടില്ല. എന്നാല്‍ സാറാബിക്ക് പാസ്പോര്‍ട്ട് ഉണ്ടെങ്കിലും ഇതുവരെ ഗള്‍ഫില്‍ പോയിട്ടില്ല. കെ. സുരേന്ദ്രന്‍ പരേതരാക്കിയ വോട്ടര്‍മാര്‍ കോടതിയില്‍ ഹാജരായി തെളിവ് നല്‍കിയതിന് പിന്നാലെയാണ് പാസ്പോര്‍ട്ടില്ലാത്ത 'പ്രവാസികളും' കോടതിയില്‍ ഹാജരാകുന്നത്.
Post a Comment
0 Comments