ന്യൂഡല്‍ഹി: (www.evisionnews.in) ചൈനക്കാര്‍ക്കുള്ള ബിസിനസ്, ജോലി വീസകളില്‍ കടുത്ത നിയന്ത്രണവുമായി പാക്കിസ്ഥാന്‍. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ചതായി പാക്ക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാനില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ചൈനീസ് ഭാഷാധ്യാപകരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു വീസ നിയന്ത്രണം.ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടു ചൈനക്കാര്‍ സുവിശേഷം പ്രചരിപ്പിച്ചവരാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇരുവരും ബിസിനസ് വീസയിലാണു ചൈനയില്‍ എത്തിയത്. ബിസിനസ് വീസയിലെത്തിയ ചൈനീസ് പൗരന്മാര്‍ വീസ നടപടികളും നിയമങ്ങളും തെറ്റിച്ചെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.
ഇനി ചൈനീസ് പൗരന്മാര്‍ക്കു ബിസിനസ് വീസ കിട്ടണമെങ്കില്‍ പാക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍നിന്നു കത്ത് വേണമെന്നാണു പുതിയ നിബന്ധന. ദീര്‍ഘകാല വീസ പുതുക്കലിനു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബിസിനസ് വീസകളുടെ കാലാവധി നീട്ടുന്നതിനുള്ള ചുമതല ഇസ്‌ലാമാബാദിലെ പാക്ക് ഇമിഗ്രേഷന്‍ ആസ്ഥാനത്തേക്കു മാറ്റി. ചൈനക്കാര്‍ക്കു വീസ അനുവദിക്കുന്നതിനുമുന്‍പു വിശദമായ അന്വേഷണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ചൈനക്കാരായ ഭാഷാധ്യാപകരുടെ കൊലപാതകം പാക്ക് - ചൈന ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാക്കി. കൊല്ലപ്പെട്ട രണ്ടു ചൈനക്കാരും ദക്ഷിണ കൊറിയയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നുവെന്നു ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസും പറഞ്ഞിരുന്നു. പാക്ക്- അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ ക്വറ്റയില്‍ ഇവര്‍ മതപ്രഭാഷകരായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇവിടെ ദക്ഷിണ കൊറിയ നടത്തുന്ന സ്‌കൂളില്‍ ഉര്‍ദു പഠിപ്പിക്കാനെന്ന വ്യാജേനയാണ് എത്തിയത്.
കഴിഞ്ഞ നവംബറില്‍ എത്തിയ 13 അംഗ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണു കൊല്ലപ്പെട്ട രണ്ടുപേരെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ചൈനക്കാരുടെ ഡേറ്റാ ബാങ്ക് തയാറാക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങി. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് (ഒബോര്‍) പദ്ധതിയുടെ ഭാഗമായി റോഡ്, റെയില്‍, ഊര്‍ജ മേഖലകളിലായി 5700 കോടി ഡോളറിന്റെ നിക്ഷേപം ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണു ചൈന പാക്കിസ്ഥാനില്‍ നടത്തുന്നത്.
Post a Comment
0 Comments