തിരുവനന്തപുരം : (www.evisionnews.in) കൊച്ചി മെട്രോ ഉദ്ഘാടനത്തിനു മെട്രോമാന്‍ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതോടെ അവസാനിച്ചേക്കും. ഇരുവര്‍ക്കും ഉദ്ഘാടന വേദിയില്‍ ഇരിപ്പിടമൊരുക്കുമെന്നു ഉറപ്പുകിട്ടിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അറിയിച്ചിരുന്നു.
മെട്രോ ഉദ്ഘാടനവേദിയില്‍ ഇ.ശ്രീധരനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് പരിപാടി നോട്ടിസ് പുറത്തിറക്കിയതു വലിയ വിവാദമായിരുന്നു. ചടങ്ങിന്റെ ആദ്യ ലിസ്റ്റാണു പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു കഴിഞ്ഞദിവസം അയച്ചത്. അന്തിമപട്ടിക പൂര്‍ത്തിയാക്കി അയച്ചത് ഇന്നാണ്. ഇതനുസരിച്ച് ഇ.ശ്രീധരനും രമേശ് ചെന്നിത്തലയും ഉദ്ഘാടന വേദിയില്‍ ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. പ്രധാനമന്ത്രിയുടെ അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസും പറഞ്ഞു.
അതേസമയം, കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍നിന്നു തന്നെ ഒഴിവാക്കിയതു വലിയ വിവാദമാക്കേണ്ടെന്നു ഇന്നുരാവിലെ ഇ.ശ്രീധരന്‍ പ്രതികരിച്ചു. 'പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിയന്ത്രണങ്ങള്‍ പതിവാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയിലേക്കു ക്ഷണിക്കാത്തതു വിവാദമാക്കേണ്ടതില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണു പ്രധാനം. തന്നെ ഒഴിവാക്കിയതില്‍ പരാതിയോ പരിഭവമോ ഇല്ല. ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. എന്നെ എന്തിനാണു ക്ഷണിക്കേണ്ട ആവശ്യം. ക്ഷണിക്കേണ്ട ആവശ്യമില്ലല്ലോ. ഞാന്‍ ഇവിടെത്തന്നെയല്ലേ. മെട്രോയുടെ രണ്ടാംഘട്ടത്തില്‍ ഡിഎംആര്‍സിയുടെ ആവശ്യമില്ല'- ശ്രീധരന്‍ പറഞ്ഞു.
മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും ഉദ്ഘാടനവേദിയുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ ശ്രീധരന്‍ നേരിട്ടു വിലയിരുത്തി. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ പി.ടി. തോമസ് എന്നിവരെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം. രാവിലെ 10.30ന് പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു മെട്രോയില്‍ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും
Post a Comment
0 Comments