കാസര്‍കോട് (www.evisionnews.in): ജൂണ്‍ ഒന്നിനും മഴ മാറിനിന്ന പകലില്‍ വാക്കുകള്‍ പൂക്കുന്ന വിദ്യാലയങ്ങളില്‍ ആദ്യാക്ഷരം തേടിയെത്തിയ കുഞ്ഞുങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി പ്രവേശനോത്സവം. ജില്ലയിലെ 517 സ്‌കൂളുകളിലാണ് നിറപകിട്ടാര്‍ന്നതും ആഘോഷകരവുമായ സ്വീകരണമൊരുക്കി പ്രവേശനോത്സവം സംഘടിപ്പിച്ചത്. പ്രവേശനോത്സവത്തിന്‍െ്‌റ ജില്ലാതല ഉദ്ഘാടനം കുമ്പള പഞ്ചായത്തിലെ പേരാല്‍ ജി ജെ ബി സ്‌കൂളില്‍ നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയില്‍ വര്‍ണാഭമായ ഘോഷയാത്രയോടെയാണ് പ്രവേശനോത്സവത്തിന് തുടക്കംകുറിച്ചത്. സ്‌കൂളില്‍ ഈവര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ വേഷങ്ങളില്‍ അണിനിരന്നപ്പോള്‍ ഒരു നാടിന്റെ കൂട്ടായ്മകൂടി ദൃശ്യമായി. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സ്‌കൂള്‍ എന്ന നിലയിലാണ് ജി ജെ ബി സ്‌കൂളിനെ ജില്ലാതല പ്രവേശനോത്സവം നടത്തുവാന്‍ തെരഞ്ഞെടുത്തത്.
എസ് എസ് എ യുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കളക്ടര്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഡി ഇ ഒ ഇന്‍ചാര്‍ജ് നാഗവേണിയും പാഠപുസ്തകങ്ങളുടെ വിതരണം ഡി എഫ് ഒ വേണുഗോപാലും നിര്‍വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരീകാക്ഷ ഭക്ഷണപാത്രവും കുമ്പളഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ആരീഫ് യൂണിഫോമും വിതരണം ചെയ്തു. കുട്ടികള്‍ക്കുള്ള കസേരകളുടെ വിതരണം വി.പി അബ്ദുള്‍ ഖാദര്‍ ഹാജിയും നിര്‍വഹിച്ചു. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ജനാര്‍ദന, കുമ്പള എ ഇ ഒ കൈലാസ മൂര്‍ത്തി, കുമ്പള ബി.പി.ഒ എന്‍.കുഞ്ഞികൃഷ്ണന്‍, സ്‌കുള്‍ ഹെഡ്മാസ്റ്റ്ര്‍ സി.എം രാജേശ്വര, എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്‌കുമാര്‍ സ്വാഗതവും ജി ജെ ബി സ്‌കൂള്‍ പിടിഎ പ്രസിഡന്‍്‌റ് മുഹമ്മദ് പേരാല്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ആര്‍.കെ കൗവായി അവതരിപ്പിച്ച മാജിക് ഷോ കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയായി.
Post a Comment
0 Comments