കാസര്‍കോട്: (www,evisionnews.in) ജിഎസ്ടി പ്രാബല്യത്തിലാകുന്ന ജൂലൈ ഒന്നുവരെയുള്ള ദിവസങ്ങള്‍ ഉപഭോക്താവിന്റെ ദിവസങ്ങളാണ്. വിപണിയില്‍ വിലക്കുറവിന്റെ മഹാമേളയാണ്. ഓണ്‍ലൈന്‍ സൈറ്റുകള്‍ മുതല്‍ നാട്ടിന്‍പുറത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ വിറ്റഴിക്കല്‍ മേള നടത്തുകയാണ്. നിലവിലുള്ള സ്റ്റോക്ക് എങ്ങനെയും വിറ്റഴിച്ചു ജിഎസ്ടിയുടെ പുതുലോകത്തേക്കു സ്വസ്ഥമായി കാല്‍വയ്ക്കാം എന്ന ചിന്തയാണു മിക്ക കച്ചവടക്കാരേയും വിറ്റഴിക്കലിനു പ്രേരിപ്പിക്കുന്നത്.
ജിഎസ്ടി ചില ഉല്‍പന്നങ്ങള്‍ക്കു വില കുറയ്ക്കുകയും ചിലതിനു കൂട്ടുകയും ചെയ്യും. ഒരേ ഉല്‍പന്നം രണ്ടു വിലയില്‍ വില്‍ക്കുന്നതു ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ ചെയ്യാവുന്നതു ജൂലൈ ഒന്നിനു മുന്‍പു പരമാവധി വിറ്റഴിക്കുക. സോപ്പ്, പൗഡര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന എഫ്എംസിജി കമ്പനികള്‍ തങ്ങളുടെ വില്‍പ്പനക്കാര്‍ക്കു പരമാവധി ലാഭം കൂട്ടിനല്‍കി വില്‍പന പ്രോല്‍സാഹിപ്പിക്കുന്നു.ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, വിപ്രോ, ഡാബര്‍ തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ റീട്ടെയ്ലര്‍മാര്‍ക്കു വന്‍ ഓഫറുകള്‍ നല്‍കി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നു. എഫ്എംസിജി ഉല്‍പന്നങ്ങളില്‍ പലതിന്റെയും വില രണ്ടുമുതല്‍ ആറു ശതമാനം വരെ കുറയും. ഹെയര്‍ ഓയില്‍, സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയുടെ നികുതി 18% എന്ന് ജിഎസ്ടി കൗണ്‍സില്‍ നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ ഇവയ്ക്ക് 22-24% നികുതിയാണ് ഈടാക്കുന്നത്.
കാര്‍ വിപണിയിലാണു വിറ്റഴിക്കലിന്റെ മഹാമേള നടക്കുന്നത്. പലരും ഓഫറായി നേരിട്ട് അവതരിപ്പിക്കുന്നില്ല. ഡീലര്‍മാര്‍ക്ക് ഇളവുകള്‍ നല്‍കി വിറ്റഴിക്കലിനു പ്രേരിപ്പിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി 25000- 35000 രൂപനിരക്കില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് 27000, എക്‌സ്യുവി 500ന് 90000 രൂപ വരെ ഇളവു നല്‍കുന്നു.
ജൂണ്‍ 30 വരെയാണ് ഈ ഓഫറുകള്‍. ജിഎസ്ടി നടപ്പായശേഷം വില കുറയുമെന്ന പ്രതീക്ഷയില്‍ ഉപയോക്താക്കള്‍ മാറിനില്‍ക്കുന്നത് ഒഴിവാക്കാനാണ് വിലക്കുറവിന്റെ മഹാമേള സംഘടിപ്പിക്കുന്നത്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി ഇന്ത്യയിലെ മോഡലുകള്‍ക്ക് 10 ലക്ഷം രൂപവരെ കുറവു പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്‌ഷോറും വിലയില്‍ 12 % വരെ കുറവാണ് ബിഎംഡബ്ല്യു പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്ക് 7 ലക്ഷം രൂപ വരെയാണു ബെന്‍സ് കുറച്ചത്. ഇരുചക്ര വാഹന വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ്, ബജാജ് തുടങ്ങിയ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചു. വസ്ത്ര വിപണിയിലാണെങ്കില്‍ വുഡ്ലാന്‍ഡ്‌സ് അതിന്റെ ചില ഉല്‍പന്നങ്ങള്‍ക്ക് 40% വരെ നിലവില്‍ ഇളവുനല്‍കുന്നു. ലീവൈ പല നഗരങ്ങളിലും ഒന്നെടുത്താല്‍ ഒന്നു ഫ്രീ എന്ന തോതിലാണു വില്‍പന നടത്തുന്നത്. പാദരക്ഷാരംഗത്ത് റീബക്, ബാറ്റാ തുടങ്ങിയ കമ്പനികള്‍ 50% വരെ ഡിസ്‌കൗണ്ട് നല്‍കുന്നു.
കാരണങ്ങള്‍ പലതാണ്
നിലവിലെ വിറ്റഴിക്കല്‍ മേളകള്‍ക്കു പല കാരണങ്ങളാണു വിപണി ചൂണ്ടിക്കാട്ടുന്നത്. വിലയിലുണ്ടാകാവുന്ന മാറ്റം, നിയമം സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കുമെന്ന ഭീതി, നികുതി നിര്‍ണയത്തിലെ നൂലാമാലകള്‍ ഒഴിവാക്കുക തുടങ്ങിയവയെല്ലാം കാരണങ്ങളാണ്. ആഡംബര കാര്‍ നിര്‍മാതാക്കളുടെ കാര്യംതന്നെ എടുക്കാം. ജിഎസ്ടിയില്‍ ആഡംബര കാറുകളുടെ വില കുറയാനാണു സാധ്യത. എന്നിട്ടും അവര്‍ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാന്‍ തിരക്കുകൂട്ടുന്നതിനു പല കാരണങ്ങളുണ്ട്. ഇപ്പോള്‍ ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്നതിനേക്കാള്‍ കുറവായിരിക്കും ഒന്നാം തീയതിക്കു ശേഷമുള്ള വില എന്നതുതന്നെ മുഖ്യ കാരണം.
ആഡംബര കാറുകള്‍ക്ക് 28% ജിഎസ്ടിയും 15% സെസ്സും ചേര്‍ന്നാലും നിലവിലുള്ള വിലയേക്കാള്‍ 1.5- 4.5% കുറവായിരിക്കുമെന്നാണു വിലയിരുത്തല്‍. അതായത് 50 ലക്ഷം രൂപ വിലയുള്ള കാറിന് 75000 രൂപ മുതല്‍ 2.25 ലക്ഷം രൂപവരെ കുറവു വരാം. പഴയ സ്റ്റോക്ക് പഴയ വിലയ്ക്കുതന്നെ വിറ്റാല്‍ പിടിവീഴുമോ എന്ന പേടിയും വിറ്റഴിക്കലിനു കാരണമാണ്. ജിഎസ്ടിയുടെ ലാഭം ഉപയോക്താവിനു കൈമാറിയില്ലെങ്കില്‍ കനത്തപിഴയോ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളോ നേരിടേണ്ടിവരാം. ഇത്തരം പൊല്ലാപ്പുകള്‍ ഒഴിവാക്കുന്നതിനുള്ള എളുപ്പവഴി പഴയ സ്റ്റോക്ക് വിറ്റഴിക്കുകതന്നെ.
പഴയ സ്റ്റോക്ക് എന്തുചെയ്യും എന്ന വ്യക്തതയില്ലായ്മയും വിറ്റഴിക്കലിനു പ്രേരണയാകുന്നു. ജൂലൈ ഒന്നിനു ശേഷം പഴയ സ്റ്റോക്ക് എന്തു ചെയ്യും എന്ന ആശയക്കുഴപ്പം ചെറുതല്ല. കച്ചവടക്കാരന്‍ ജിഎസ്ടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, ഉല്‍പന്നത്തിന്റെ ഏതുതലത്തിലുള്ള കച്ചവടക്കാരനാണു തുടങ്ങി പല കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. നികുതി ഇനത്തിലുള്ള നഷ്ടം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സംവിധാനത്തില്‍ തിരിച്ചെടുക്കാം എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിനും നൂലാമാലകള്‍ ഏറെയാണ്. പുതിയ സംവിധാനത്തില്‍ ആദ്യംമുതല്‍ തുടങ്ങുന്നതല്ലേ നല്ലത് എന്ന ചിന്തയാണു മിക്കവര്‍ക്കും.
Post a Comment
0 Comments