ബെംഗളൂരു :(www.evisionnews.in) ദക്ഷിണേന്ത്യയില്‍ ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി, ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നു. കോണ്‍ഗ്രസിന്റെ കൈപ്പിടിയില്‍നിന്ന് ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി 25,000ല്‍ പരം വൊളന്റിയര്‍മാരെയാണ് പ്രവര്‍ത്തനത്തിനായി പരിശീലിപ്പിക്കുന്നത്. സംസ്ഥാനത്താകെ 5,000 വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.
ഇതിനായി ആറു മാസങ്ങള്‍ക്കുമുന്‍പേ വൊളന്റിയര്‍മാര്‍ക്കു പരിശീലനം നല്‍കിത്തുടങ്ങി. ബിജെപിയുടെ ഐടി സെല്‍ 2007 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്. അന്നുമുതല്‍ സമൂഹമാധ്യമങ്ങള്‍ പാര്‍ട്ടിക്ക് ഉതകുന്നരീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് ബിജെപിയുടെ സമൂഹമാധ്യമ സെല്ലിന്റെ തലവന്‍ ബാലാജി ശ്രീനിവാസ് വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടി വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഉണ്ടാക്കുന്നത്. ഇതുവരെ 2,000ല്‍ പരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നും ബാലാജി വ്യക്തമാക്കി.
പാര്‍ട്ടിയുടെ പ്രകടനപത്രികയും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും എടുത്തുകാട്ടിയുള്ള പ്രചരണമാണ് വാട്ട്‌സ്ആപ്പ് വഴി നടത്താന്‍ വൊളന്റിയര്‍മാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്ക് ചിത്രങ്ങളും അനിമേഷനുകളും ലഭിച്ചുതുടങ്ങിയിട്ടുമുണ്ട്. ഗ്രൂപ്പുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഓരോ നിയോജക മണ്ഡലത്തിലും 100 വൊളന്റിയര്‍മാരെയെങ്കിലും സംഘടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ വാട്ട്‌സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം ബിജെപിയെ വലിയതോതില്‍ സഹായിച്ചിരുന്നു.
അതേസമയം, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബിജെപി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2013ല്‍ അന്നു മുഖ്യമന്ത്രിയായിരിക്കെ അഴിമതിയില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യെഡിയൂരപ്പയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. നിലവില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെങ്കിലും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരെന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല
Post a Comment
0 Comments