Type Here to Get Search Results !

Bottom Ad

14 വയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളി; പ്രതികള്‍ ആറുപേരും കൗമാരക്കാര്‍


പാറ്റ്ന: (www.evisionnews.in) മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരത. ബിഹാറില്‍ 14 വയസുകാരിയെ ക്രൂരമായി കൂട്ടമാനംഭംഗപ്പെടുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍. കുട്ടിക്കുറ്റവാളികളില്‍ ഒരാള്‍ പിടിയിലായി. കൂട്ടബലാത്സംഗത്തില്‍ ഗുരുതരമായി പരിക്കേറ്റ അബോധാവസ്ഥയിലായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മെഡിക്കല്‍ കോളജിന്റെ അത്യാഹിത വിഭാഗം വാര്‍ഡ് വരാന്തയില്‍ കിടന്നത് 14 മണിക്കൂര്‍.

ബിഹാറിലെ ലാഖിസറായി ജില്ലയിലെ ലാഖോചാക്കിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം നടന്ന സംഭവം വൈകിയാണ് പുറത്തുവന്നത്. ലാഖോചാക്ക് ഗ്രാമവാസിയായ പെണ്‍കുട്ടിയെ വീടിനുപുറത്തിറങ്ങിയപ്പോള്‍ ആറു കൗമാരക്കാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ജൂനിയറായി സ്‌കൂളില്‍ പഠിക്കുന്നയാളാണ്. പ്രതികളില്‍ രണ്ടുപേര്‍ കുട്ടിയുടെ അയല്‍വാസികളുമാണ്. കുട്ടിയെ അടുത്തവയലിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയ അക്രമികള്‍ അതിക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ഇടുപ്പിന്റെ ഭാഗത്ത് അഞ്ച് ഒടിവുകളാണ് ഉണ്ടായത്.




ആക്രമണത്തില്‍ പെണ്‍കുട്ടി അബോധാവസ്ഥയിലായി. ബോധം വരുമ്പോള്‍ താന്‍ ഒരു ട്രെയിനിലാണ് ഉണ്ടായിരുന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കുട്ടിയെ അക്രമികള്‍ ട്രെയിനില്‍ നിന്ന് പിന്നീട് തള്ളിയിടുകയായിരുന്നു. കിയൂള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രാക്കിനു സമീപം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഇതിനിടെ കുട്ടിയെ കാണാതായെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഗുരുതര നിലയില്‍ കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ്. കുട്ടിയുടെ രക്തസ്രാവം നിയന്ത്രിക്കാനായി 24 സ്റ്റിച്ചുകളിടേണ്ടിവന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് വിദഗ്ധചികിത്സയ്ക്കായി പാറ്റ്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെ അത്യാഹിത വിഭാഗത്തിന്റെ വരാന്തയില്‍ 14 മണിക്കൂര്‍ അവശനിലയില്‍ കുട്ടിക്ക് കിടക്കേണ്ടിവന്നു. കൈക്കൂലി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആശുപത്രി ജീവനക്കാര്‍ കുട്ടിക്ക് കട്ടില്‍ നല്‍കാതിരുന്നത്. പിന്നീട് ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സ തുടങ്ങിയത്. കുട്ടി ഗുരുതരാവസ്ഥ അതിജീവിച്ചതായും എങ്കിലും ദീര്‍ഘകാലത്തെ ചികിത്സകൊണ്ടു മാത്രമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതികളില്‍ ഒരാളെ ഇതിനകം അറസ്റ്റുചെയ്തതായും മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ പ്രതികളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല

Tags

Post a Comment

0 Comments

Top Post Ad

Below Post Ad