Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ പരിസരത്തെ ലഹരി വസ്‌തു വില്‍പ്പന തടയാന്‍ പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം


കാസര്‍കോട്‌( www.evisionnews.in ):സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ ലഹരി വസ്‌തുക്കളുടെ വില്‍പ്പനയും ഉപയോഗവും കര്‍ശനമായി തടയുമെന്ന്‌ പൊലീസിന്റെ മുന്നറിയിപ്പ്‌. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയായിരിക്കും നടപടി സ്വീകരിക്കുകയെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. സ്‌കൂളുകളിലേക്ക്‌ കുട്ടികളെ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും കര്‍ശന നിര്‍ദ്ദേശങ്ങളാണ്‌ നല്‍കിയിട്ടുള്ളത്‌. ഓട്ടോ ഡ്രൈവറുടെ മടിയില്‍ കുട്ടികളെ ഇരുത്തിക്കൊണ്ടുപോകാന്‍ ഒരു തരത്തിലും അനുവദിക്കില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ കുട്ടികളെ എത്തിച്ചു കഴിഞ്ഞതിന്‌ ശേഷം മദ്യപിക്കുകയാണെങ്കിലും നിയമ നടപടി സ്വീകരിക്കും. സംശയം തോന്നുന്ന ഡ്രൈവര്‍മാരെ `ആല്‍ക്കോ മീറ്റര്‍’ ഉപയോഗിച്ച്‌ പരിശോധിക്കും. മദ്യപിച്ചിട്ടുണ്ടെന്ന്‌ വ്യക്തമായാല്‍ നടപടി ഉണ്ടാകും. വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ സൂക്ഷിക്കുന്നതിനെതിരെയും നടപടി ഉണ്ടാകും. പൂവാലശല്യം തടയുന്നതിനും കര്‍ശന നടപടി ഉണ്ടാകും. ബൈക്ക്‌ പട്രോളിംഗിനൊപ്പം വനിതാ പൊലീസുകാരെയടക്കം ബസുകളിലും ബസ്‌ സ്റ്റാന്റുകളിലും നിയോഗിക്കും. സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കു തടയാന്‍ തീരപ്രദേശങ്ങളിലും കോളനികളിലും ജന മൈത്രി പൊലീസ്‌ അധ്യയന വര്‍ഷത്തിന്റെ ആദ്യ നാലു ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തി കണക്കെടുപ്പ്‌ നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad