Type Here to Get Search Results !

Bottom Ad

ഐടി + ഐടി = ഐടി; നാളത്തെ ഇന്ത്യയെന്നാല്‍ വിവരസാങ്കേതിക വിദ്യയിലൂന്നിയുള്ള ഇന്ത്യ: പ്രധാനമന്ത്രി


ന്യൂഡല്‍ഹി: (www.evisionnews.in) രണ്ട് ഐടികള്‍ സമം മറ്റൊരു ഐടി. അസാധാരണമായ ഈ സമവാക്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. സുപ്രീം കോടതി പേപ്പര്‍ രഹിതമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ ഫയലിങ് സംവിധാനം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി + ഐടി = ഐടി എന്നതു പിന്നീട് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (വിവരസാങ്കേതിക വിദ്യ) + ഇന്ത്യന്‍ ടാലന്റ് (ഇന്ത്യക്കാരുടെ കഴിവ്) = ഇന്ത്യ ടുമോറോ (നാളത്തെ ഇന്ത്യ). നാളത്തെ ഇന്ത്യയെന്നാള്‍ അതു വിവരസാങ്കേതിക വിദ്യയിലൂന്നിയുള്ള ഇന്ത്യയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യയെ കുറച്ചുകൂടി ആഴത്തില്‍ ഇന്ത്യ കൈക്കൊള്ളണം. പൂര്‍ണഫലം ലഭിക്കണമെങ്കില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അതിനെ സ്വീകരിക്കണം. കുറച്ചുപേര്‍ മാത്രം അതംഗീകരിച്ചാല്‍പ്പോരാ. മനസ്സിന്റെ പ്രശ്‌നമാണിത്. അവ മാറണം. എങ്കിലേ തുടങ്ങാനാകൂ. എത്രത്തോളം കാര്യങ്ങള്‍ ഓട്ടോമേറ്റഡ് ആക്കിയാലും സാങ്കേതിക വിദ്യകള്‍ ഇറക്കിയാലും മനസ്സ് മാറിയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. നമ്മള്‍ ഒരാള്‍ക്ക് എസ്എംഎസ് അയച്ചശേഷം പിന്നീട് സന്ദേശം ലഭിച്ചോ എന്ന് അന്വേഷിച്ചു വിളിക്കും. ഈ മനസ്സ്ഥിതി മാറണം.

ഇ ഗവേര്‍ണന്‍സ് എന്നത് എളുപ്പവും ഫലപ്രദവും ചെലവു കുറയ്ക്കുന്നതുമാണ്. പേപ്പര്‍രഹിതമാകുന്നതു പരിസ്ഥിതിക്കും ഗുണകരമാകുമെന്നും മോദി വ്യക്തമാക്കി. ഡിജിറ്റല്‍ പാതിയിലൂടെയുള്ള യാത്ര സുപ്രീം കോടതിയെ ശരിയായ ദിശയിലേക്കാണ് നയിക്കുന്നതെന്നും പാവപ്പെട്ടവര്‍ക്ക് നിയമസഹായം എത്തിക്കാനായി വന്‍ മുന്നേറ്റം ഉണ്ടാക്കണമെന്നും മോദി പറഞ്ഞു.

സുപ്രീം കോടതി നടപ്പാക്കുന്ന ഡിജിറ്റല്‍ ഫയലിങ് സംവിധാനം എല്ലാ ഹൈക്കോടതികളിലേക്കും കീഴ്‌ക്കോടതികളിലേക്കും വൈകാതെ എത്തും. കീഴ്‌ക്കോടതികളില്‍നിന്ന് സുപ്രീം കോടതിയിലേക്ക് എത്തുന്ന കേസുകള്‍ ഡിജിറ്റല്‍ രീതിയില്‍ സ്വീകരിക്കാനും പരമോന്നത നീതിപീഠം തീരുമാനിച്ചു. കോടതിച്ചെലവും മറ്റും ഇനി ഓണ്‍ലൈനായി നിര്‍ണയിക്കും. ചടങ്ങില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാര്‍ എന്നിവരും പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad