തിരുവനന്തപുരം (www.evisionnews.in): പോലീസ് മേധാവി ടി.പി സെന്‍കുമാറും സര്‍ക്കാരുമായുള്ള പോര് തുടരുന്നു. ഡിജിപി ടി.പി സെന്‍കുമാര്‍ പോലീസ് ആസ്ഥാനത്തു നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചുകൊണ്ടാണ് സര്‍ക്കാറിന്റെ പ്രതികാര നടപടി. എന്നാല്‍ സര്‍ക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിനില്ലെന്നു പറഞ്ഞതിനു പിന്നാലെ ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ മാറ്റി നിയമിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹം 11 ദിവസം മുമ്പിറക്കിയ രണ്ടു സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കുകയായിരുന്നു.
കഴിഞ്ഞ ഒമ്പതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെന്‍കുമാര്‍ ഉത്തരവിട്ടത്. ഇതില്‍ കുമാരി ബീനയ്ക്കു പകരം സി.എസ് സജീവ് ചന്ദ്രനെയാണു നിയമിച്ചത്. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചിരുന്നു. രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു ജൂനിയര്‍ സൂപ്രണ്ടിനെ അവിടെ നിയമിക്കുകയും ചെയ്തു.
കുമാരി ബീനയെ പേരൂര്‍ക്കട എസ്എപി ക്യാമ്പിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയര്‍ സൂപ്രണ്ടുമാരെയാണ് സെന്‍കുമാര്‍ മാറ്റിയത്. എന്നാല്‍ അടുത്ത ദിവസം തന്നെ കുമാരി ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കി. പുറ്റിങ്ങല്‍, ജിഷ കേസുകളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാത്തതിനാലാണ് തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി. ബീനാ കുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവുകള്‍ മരവിപ്പിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Post a Comment
0 Comments