Type Here to Get Search Results !

Bottom Ad

കുടിവെള്ള വിതരണം നിര്‍ത്തിവെച്ച വാട്ടര്‍ അതോറിറ്റിക്കെതിരെ നടപടി വേണം: എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട് (www.evisionnews.in): കത്തുന്ന വേനല്‍ ചൂടില്‍ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണ സംവിധാനം നിര്‍ത്തിവെച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശുദ്ധജലം വിതരണം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തിലേയും സമീപ പഞ്ചായത്തുകളിലേയും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. സാധാരണ സമയങ്ങളില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ മണിക്കൂറുകളില്‍ മാത്രം ശുദ്ധജല വിതരണം നടത്തിയിരുന്ന വാട്ടര്‍ അതോറിറ്റി അധികൃതര്‍ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാകനിയായ സമയത്താണ് പൂര്‍ണ്ണമായും വിതരണം നിര്‍ത്തിവെച്ച് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. പയസ്വിനി പുഴയിലെ ബാവിക്കര ജലസംഭരണിയില്‍ ഉപ്പ് വെള്ളം കയറിയത് കൊണ്ടാണ് വിതരണം നിര്‍ത്തിവെച്ചതെന്ന അധികൃതരുടെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ വേനല്‍കാലങ്ങളില്‍ ബാവിക്കര ജല സംഭരണിയിലെ ജലവിതാനം താഴുകയും കടലേറ്റത്തില്‍ ഉപ്പു് വെള്ളം കയറുകയും ചെയ്യുന്നത് പതിവായിരുന്നു. ഇത് മുന്‍ കൂട്ടികണ്ട് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനോ താല്‍ക്കാലിക തടയണ നിര്‍മിച്ച് ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കുന്നതിനോ ബന്ധപ്പെട്ടവര്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. 

കാസര്‍കോട് നഗരസഭ പ്രദേശത്ത് പൂര്‍ണ്ണമായും മറ്റു പഞ്ചായത്തുകളില്‍ ഭാഗികമായും ജനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ബാവിക്കരയിലെ പമ്പിംഗ് ഹൗസിനെയാണ്. കുടിവെള്ള വിതരണം നിര്‍ത്തിവെച്ചതോടെ ജനങ്ങള്‍ ഒന്നടങ്കം ദുരിതത്തിലായിരിക്കുകയാണു്. ഇതിന് പരിഹാരമെന്ന നിലയില്‍ വാര്‍ഡുകള്‍ തോറും കിയോസ്‌കുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കുമെന്നുള്ള അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി മാറിയിരിക്കുകയാണ്.

കുടിനീരിന് വേണ്ടി യാചിക്കുന്ന ജനങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിന് പകരം പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിലും പ്ലാസ്റ്റിക്ക് ടാങ്കുകള്‍ വാങ്ങുന്നതിലുമാണ് ബന്ധപ്പെട്ടവര്‍ക്ക് താല്പര്യം.

അത്യാവശ്യ ഘട്ടത്തില്‍ കുടിവെള്ളം നിഷേധിക്കുകയും. വിതരണം ചെയ്യാത്ത വെള്ളത്തിന് ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യുന്ന ജലഅതോറിറ്റി അധികൃതര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad