ന്യൂഡല്‍ഹി : (www.evisionnews.in) കശാപ്പിനായി കാലികളെ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്‌തേക്കും. നിയന്ത്രണത്തില്‍നിന്നു എരുമയെയും പോത്തിനെയും ഒഴിവാക്കാനാണു പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്. അന്തിമതീരുമാനം എടുത്തിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.
കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഉത്തരവിനെതിരെ കേരളത്തിലടക്കം രാജ്യത്തു വ്യാപക പ്രതിഷേധങ്ങളുണ്ടായി. കേരളവും ബംഗാളും ഉത്തരവിനെതിരെ രംഗത്തെത്തി. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റേതെന്ന വിമര്‍ശനവുമുയര്‍ന്നു. ഈ പശ്ചാത്തലത്തിലാണു കേന്ദ്രം മാറിച്ചിന്തിക്കുന്നത്. വ്യാപകമായി ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്ന പോത്തിനെയും എരുമയെയും ഒഴിവാക്കാനാണു കേന്ദ്രത്തിന്റെ തീരുമാനം എന്നറിയുന്നു.
നിരോധനം ഇറച്ചിവ്യാപാരത്തെയും കയറ്റുമതിയെയും തുകല്‍വ്യവസായത്തെയും സാരമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. ലക്ഷക്കണക്കിനു തൊഴിലാളികളുടെ ഉപജീവനത്തെ നിരോധനം ബാധിക്കും. കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ കാലിച്ചന്തകളില്‍ കന്നുകാലികളെ വാങ്ങാനും വില്‍ക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ മറിച്ചുവില്‍ക്കാനും പറ്റില്ല. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.
പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകള്‍ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വില്‍ക്കാനോ വാങ്ങാനോ പാടില്ല. ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിരുന്നു. എന്നാല്‍, കന്നുകാലികളെ കശാപ്പുചെയ്യുന്നതു നിരോധിച്ചിട്ടില്ല. കാലിച്ചന്തകള്‍ക്കു പുറത്ത് അവയുടെ ക്രയവിക്രയം സംബന്ധിച്ചും ഉത്തരവില്‍ പരാമര്‍ശമില്ല.
കന്നുകാലികളെ വില്‍ക്കാന്‍ കൊണ്ടുവരുന്നവര്‍ കശാപ്പിനായല്ല വില്‍ക്കുന്നത് എന്ന രേഖ ഹാജരാക്കണം. ഇത് അതതു കാലിച്ചന്ത നിരീക്ഷണ സമിതിയാണു നല്‍കേണ്ടത്. കന്നുകാലിയെ വാങ്ങുന്ന വ്യക്തിയും ഇതുപോലെ കശാപ്പിനല്ല, കൃഷി ആവശ്യത്തിനാണ് എന്ന രേഖ ഹാജരാക്കണം. വാങ്ങുന്ന കന്നുകാലിയെ ആറു മാസത്തിനുള്ളില്‍ വില്‍ക്കാന്‍ കഴിയില്ല. ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്കു കന്നുകാലിയെ വില്‍ക്കണമെങ്കില്‍ കമ്മിറ്റിയുടെ അനുമതി വാങ്ങിയിരിക്കണം തുടങ്ങിയവ നിബന്ധനകളാണ് ഉത്തരവിലുള്ളത്.
Post a Comment
0 Comments