Type Here to Get Search Results !

Bottom Ad

കിഫ്ബിയെ ചൊല്ലി നിയമസഭയില്‍ ബഹളം; പ്രതിപക്ഷം നടുത്തളത്തില്‍


തിരുവനന്തപുരം: (www.evisionnews.in) കിഫ്ബിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. അനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. കിഫ്ബിക്കെതിരായ മന്ത്രി ജി.സുധാകരന്റെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.വി.ഡി. സതീശന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്, പ്രസക്തമല്ലാത്ത വിഷയം സഭയില്‍ ഉന്നയിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കവും ഉടലെടുത്തു. പ്രതിപക്ഷത്തിന്റെ അവകാശങ്ങളും സ്പീക്കര്‍ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ പോരായ്മകള്‍ ഉന്നയിക്കാന്‍ പറ്റില്ലേയെന്നും ചെന്നിത്തല ചോദിച്ചു. ചെയറിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്നായിരുന്നു ഇതിന് സ്പീക്കറുടെ മറുപടി. ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

നേരത്തെ, ടാക്‌സ് കണ്‍സല്‍റ്റന്റ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ധനവകുപ്പിനെതിരെ കടുത്ത വിമര്‍ശനുമായി മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയത്. ബജറ്റില്‍ പ്രഖ്യാപിക്കാതെ ബജറ്റിനു പുറത്തു വായ്പയെടുക്കുന്ന കളിയാണു കിഫ്ബിയുടെ പേരില്‍ നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കഴിഞ്ഞ ബജറ്റില്‍ കിഫ്ബി വഴി പണം കണ്ടെത്താനുള്ള ശ്രമത്തെയും അദ്ദേഹം വിമര്‍ശിച്ചു. 

പദ്ധതികള്‍ക്കു ബജറ്റിനു പുറത്തു പണം അനുവദിക്കും. അതേ പദ്ധതികള്‍ക്കു പണം അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപിക്കില്ല. ബജറ്റില്‍ പദ്ധതി പറയും; പക്ഷേ, ബജറ്റില്‍നിന്ന് എടുക്കാതെ വെളിയില്‍നിന്നു വായ്‌പെയടുക്കുന്ന പരിപാടിയാണ്. പൊതുമരാമത്തു വകുപ്പില്‍ മാത്രം 25,000 കോടി രൂപയുടെ പ്രവൃത്തികളാണു പ്രഖ്യാപിച്ചത്. അന്‍പതു കോടി രൂപയുടെ പാലം പണിയാന്‍ പണമില്ല. 3,000 കോടി രൂപയെങ്കിലും ലഭിക്കേണ്ട പൊതുമരാമത്തു വകുപ്പിന് ആകെ കിട്ടിയതു 129 കോടി രൂപയാണ് - മന്ത്രി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad