കണ്ണൂര്‍ : (www.evisionnews.in) പൊലീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസ് നടപടി ശക്തമല്ലാത്തതാണ് അക്രമ സംഭവങ്ങള്‍ കൂടി വരാന്‍ കാരണം. ഭയത്തോടെ ആളുകള്‍ വീടുകളില്‍ കിടന്നുറങ്ങേണ്ട അവസ്ഥ പൊലീസ് ഉണ്ടാക്കരുത്. നാട്ടില്‍ അക്രമി സംഘങ്ങളുടെ തേര്‍വാഴ്ചയാണ്. പൊലീസ് കൃത്യമായി ഇടപെട്ടില്ലെങ്കില്‍ ഇവരുടെ ആക്രമങ്ങള്‍ക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കേണ്ടി വരും.
തലശ്ശേരി കൊമ്മല്‍വയലിലും മണോളിക്കാവിലും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമമുണ്ടായതിനെ തുടര്‍ന്നു ഇവിടെ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി.
ഓരോ കേസും പ്രത്യേകമായി പരിശോധിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി എടുക്കുകയും വേണം. നേരത്തെ കണ്ണൂര്‍ ജില്ലയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം തീരുമാനങ്ങള്‍ എടുത്തിരുന്നു. എന്നാല്‍ അതു ലംഘിക്കപ്പെട്ടപ്പോഴും പൊലീസ് നടപടിയെടുത്തില്ല. ഇതാണ് അക്രമം വ്യാപകമാകാന്‍ കാരണം. അക്രമമുണ്ടാകുമ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് ഫലപ്രദമായി ഇടപെട്ടിരുന്നെങ്കില്‍ തുടര്‍ അക്രമങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.
Post a Comment
0 Comments