Type Here to Get Search Results !

Bottom Ad

ഓപ്പറേറ്റര്‍മാര്‍ സമരത്തില്‍; പുല്ലൂര്‍പെരിയയില്‍ നൂറുകണക്കിനു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി


പെരിയ : (www.evisionnews.in) കൃത്യമായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്നു ശുദ്ധജല പദ്ധതിയുടെ ഓപ്പറേറ്റര്‍മാര്‍ സമരം തുടങ്ങി. പമ്പിങ് നിര്‍ത്തിയതോടെ നൂറുകണക്കിനു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. പുല്ലൂര്‍പെരിയ പഞ്ചായത്തിലെ ജലനിധി കുടിവെള്ള പദ്ധതിയുടെ ഓപ്പറേറ്റര്‍മാരാണ് വേതനം ലഭിക്കാത്തതിനെ തുടര്‍ന്നു മേയ് ഒന്നിനു സമരം തുടങ്ങിയത്. പമ്പിങ് അടക്കം നിര്‍ത്തിവച്ചാണു സമരം. മോട്ടോര്‍പ്പുരയും ശുദ്ധീകരണ പ്ലാന്റും സമരക്കാര്‍ പൂട്ടി. ഇതോടെ കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചു. 

പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ പദ്ധതിക്കു കീഴിലെ 1600 കുടുംബങ്ങള്‍ ഇനി കുടിവെള്ളം തേടി അലയേണ്ടി വരും. കഴിഞ്ഞ രണ്ടു മാസമായി തങ്ങള്‍ക്കു വേതനം ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി. മാസം 10,000 രൂപയാണ് വേതനം. കൂടാതെ തുടക്കത്തില്‍ ആറുമാസത്തെ വേതനവും ഇതുവരെ നല്‍കിയിട്ടില്ല. ഇതിനെല്ലാം പുറമെ ഇവരെ ഒന്നര വര്‍ഷം മുന്‍പു പരിശീലനത്തിന് അയച്ച ചെലവും ഇവര്‍ക്കു സ്വയം വഹിക്കേണ്ടി വന്നു. 

അയ്യായിരം രൂപയാണ് അന്നു പരിശീലനത്തിനു നല്‍കേണ്ടി വന്നത്. ഈ തുക ആദ്യം കൈയില്‍ നിന്നെടുക്കാനും പിന്നീട് പഞ്ചായത്ത് നല്‍കുമെന്നുമാണ് അറിയിച്ചത്. എന്നാല്‍, മറ്റെല്ലാ പഞ്ചായത്തുകളും തുക നല്‍കിയെങ്കിലും ഇവിടെ കിട്ടിയില്ലെന്ന് ഇവര്‍ പറയുന്നു. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരമുണ്ടാകാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. വേനല്‍ കടുത്തതോടെ ജോലിഭാരം ഇരട്ടിയായിട്ടുണ്ട്. 




രാത്രിയും പകലുമില്ലാതെ കുടിവെള്ളം വിതരണം ചെയ്യേണ്ട സ്ഥിതിയാണ്. ഇതിനിടയില്‍ വേതനവും ലഭിച്ചില്ലെങ്കില്‍ തങ്ങളുടെ കുടുംബം പട്ടിണിയിലാകുമെന്നും ഇവര്‍ പറയുന്നു. വേനല്‍ കടുത്തതോടെ പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജലനിധി പദ്ധതിയില്‍ നിന്നാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad