Type Here to Get Search Results !

Bottom Ad

പോലീസിനെ കുറിച്ചുള്ള 113 ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല: സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല


തിരുവനന്തപുരം (www.evisionnews.in): പോലീസ് വകുപ്പുമായി നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യോത്തരവേളയില്‍ ഇതുവരെ ഉന്നയിച്ച 113 ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയില്ലെന്നാണ് ആക്ഷേപം. ഇത് നിയമസഭയിലെ അംഗങ്ങളുടെ അവകാശലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

25-ാം തീയതി സഭ ചേര്‍ന്നയുടന്‍തന്നെ നല്‍കിയ ചോദ്യങ്ങള്‍ക്കാണ് ഇതുവരെ ഉത്തരം ലഭിക്കാത്തതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഭരണപ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയിട്ടുള്ള ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നിട്ടും ഇതിലൊരു ചോദ്യത്തിന് പോലും സഭാതലത്തില്‍ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. ഇതു സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണ്. പൊലീസ്, ജയില്‍ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കേണ്ടതുണ്ട്. വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതില്‍ എന്തു കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ഇതേക്കുറിച്ച് അന്വേഷിച്ച് മറുപടി നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇപ്പോള്‍ വിശദാംശങ്ങള്‍ കൈയിലില്ലെന്നു വ്യക്തമാക്കിയാണ് പിന്നീട് മറുപടി നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ സംഭവം ഗൗരവ സ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കി സ്പീക്കര്‍ രംഗത്തെത്തി. ഇതേക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതിപക്ഷത്തിന് ഉറപ്പു നല്‍കി.

ഡിജിപി ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ആരാണ് ഇപ്പോഴത്തെ പോലീസ് മേധാവിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യങ്ങളെ മുഖ്യമന്ത്രി അവഗണിക്കുന്നുവെന്ന ഗുരുതര ആരോപണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad