Type Here to Get Search Results !

Bottom Ad

കാസര്‍കോടിനെ ഇന്ന് സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കും

കാസര്‍കോട് (www.evisionnews.in): കാസര്‍കോടിനെ ഇന്ന് സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കും. 8,188 വീടുകളില്‍ കൂടിവൈദ്യുതി എത്തിച്ചാണ് ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയാക്കി മാറ്റിയത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പ്രഖ്യാപനം മൂന്നു മണിക്ക് ഉദുമ പാലക്കുന്ന് അംബിക സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നടത്തും. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. 

പി കരുണാകരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍ സംസാരിക്കും. 

173 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ ലൈനുകള്‍ വലിച്ചാണ് 8,188 വീടുകളില്‍ വൈദ്യുതി എത്തിച്ചത്. ജില്ലയില്‍ ഏതാനും വനമേഖലകളില്‍ ഭൂഗര്‍ഭ കേബിളുകളും വലിക്കേണ്ടി വന്നു. ഉദുമ നിയോജക മണ്ഡലത്തില്‍ 2,332, തൃക്കരിപ്പൂരില്‍ 1,436, കാസര്‍കോട് 886, കാഞ്ഞങ്ങാട് 2,506, മഞ്ചേശ്വരത്ത് 1,028 വീടുകളിലാണ് പുതുതായി വൈദ്യുതി എത്തിച്ചത്. കഴിഞ്ഞ മാസം 30 വരെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പ്രകാരം അപേക്ഷ നല്‍കിയവര്‍ക്കെല്ലാം കണക്ഷന്‍ നല്‍കിയിട്ടുണ്ട് .

പൂര്‍ണമായും സൗജന്യമായാണ് വൈദ്യുതീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഓരോ മണ്ഡലത്തിലും വൈദ്യുതീകരണ പദ്ധതിക്കായി കെ.എസ്.ഇ.ബി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിനോടൊപ്പം എം.പി ഫണ്ടും എം.എല്‍.എ ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും കൂടി ഉപയോഗിച്ചാണ് വൈദ്യുതീകരണം നടത്തിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad