Type Here to Get Search Results !

Bottom Ad

കരിപ്പോടി വയനാട്ട് കുലവന്‍ ഉത്സവത്തിന് മുസ്ലിം യുവാക്കളുടെ വളണ്ടിയര്‍ സേവനം


ഉദുമ (www.evisionnews): വയനാട്ട് കുലവന്‍ തെയ്യംകെട്ട് അങ്കണത്തിലെത്തിയ ഭക്തജനങ്ങളെ നിയന്ത്രിച്ച മുസ്്‌ലിം യുവാക്കളുടെ പ്രവര്‍ത്തനം മാനവ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതായി. പാലക്കുന്ന് കരിപ്പോടി മീത്തല്‍ തറവാട് ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ട് ഉത്സവത്തിനാണ് കരിപ്പോടിയിലെ മുസ്്‌ലിം യുവാക്കള്‍ വളണ്ടിയര്‍ സേവകരായി പ്രവര്‍ത്തിച്ചത്. തറവാടിന് തൊട്ടടുത്തുള്ള ഗോള്‍ഡ് സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരാണ് ഉത്സവത്തിന്റെ ആരംഭം മുതല്‍ അവസാനംവരെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചത്. 

ക്ലബ്ബ് രക്ഷാധികാരി അബ്ദുല്ല മമ്മു ഹാജിയുടെ നേതൃത്വത്തില്‍ പ്രസിഡണ്ട് കെ. ആരിഫ്, പ്രവര്‍ത്തകരായ റഫീഖ് കരിപ്പോടി, എ. സമീര്‍, കെ.എ നൗഷാദ്, ആസിഫ് ഫാല്‍ക്കണ്‍, കെ.എസ് വസീം, റാഷിദ് കരിപ്പോടി, റാഷിദ് കുന്നില്‍, അര്‍ഷാദ് പാലക്കുന്ന്, കെ.എ നിസാമുദ്ധീന്‍, കെ.എ. ആ ബിദലി, പി.എം ബഷീര്‍, പി.എം ഖാലിദ്, എം.എ നിഷാദ്, പി.എം നസീര്‍, മുത്തലിബ് തൃക്കരിപ്പൂര്‍, എം.എ നിഹാദ് എന്നിവരാണ് ഗതാഗത നിയന്ത്രണ ചുമതല ഏറ്റെടുത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്. ശനിയാഴ്ച രാത്രി നടന്ന ശ്രദ്ധേയമായ ബപ്പിടല്‍ ചടങ്ങിന് തറവാടിലെത്തിയ ആയിരങ്ങളെ സ്വീകരിക്കാനും ഇവരുടെ വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാനും ആവശ്യമായ സഹായങ്ങള്‍ യുവാക്കള്‍ ചെയ്തു. ഉത്സവ ആഘോഷ കമ്മിറ്റിയുടെ ബാഡ്ജ് ധരിച്ച് പാലക്കുന്ന് ടൗണ്‍, പള്ളം, കരിപ്പോടി, ദൊഡ്ഡി ജംഗ്ഷന്‍ എന്നിവ കേന്ദ്രീകരിച്ചാണ് യുവാക്കള്‍ പ്രവര്‍ത്തിച്ചത്. 

ഉത്സവത്തിന് മുന്നോടിയായി കരിപ്പോടി വയലില്‍ നടന്ന വിത്തിടല്‍ ചടങ്ങിലും പച്ചക്കറി വിളവെടുപ്പ് ചടങ്ങിലും ക്ലബ്ബ് പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. എല്ലാ വര്‍ഷവും പാലക്കുന്ന് ഭരണി ഉത്സവത്തിന് കരിപ്പോടി ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിക്കാനും ഗോള്‍ഡ് സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന് കീഴില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, ഷട്ടില്‍ ടീമുകളുണ്ട്. കളികളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചികിത്സ, വിവാഹ ധനസഹായങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നല്‍കിവരുന്നു. ലഹരിക്കെതിരെ കാമ്പയിനും ക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad