Type Here to Get Search Results !

Bottom Ad

ബഹിരാകാശത്തും മോദിയുടെ വിജയഗാഥ; 'സൗത്ത് ഏഷ്യ സാറ്റലൈറ്റ്' ഭ്രമണപഥത്തില്‍


ശ്രീഹരിക്കോട്ട : (www.evisionnews.in) ദക്ഷിണേഷ്യന്‍ ആകാശത്ത് വിജയപതാക പാറിച്ച്, അയല്‍രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമായ 'സൗത്ത് ഏഷ്യ സാറ്റലൈറ്റ്' ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍നിന്നും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വിഎഫ്09 റോക്കറ്റാണു ഉപഗ്രഹവിക്ഷേപണം നടത്തിയത്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപഗ്രഹ വിക്ഷേപണം ചരിത്രമുഹൂര്‍ത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക രംഗത്തു വന്‍ കുതിച്ചുചാട്ടത്തിനു ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങള്‍, ആശയവിനിമയം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്. അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഉപഗ്രഹം ഇതാദ്യമാണ്. ബഹിരാകാശ ഗവേഷണ രംഗത്തെ സമാനതകളില്ലാത്ത നേട്ടങ്ങള്‍ അയല്‍രാജ്യങ്ങളുമായി സൗജന്യമായി പങ്കുവയ്ക്കുക എന്ന ഇന്ത്യയുടെ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്. 12 വര്‍ഷം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിന് 450 കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഉപഗ്രഹത്തിനു മാത്രം 235 കോടി രൂപ ചെലവായി. ഉപഗ്രഹത്തിലൂടെ 10,000 കോടിയോളം രൂപയുടെ ഗുണമാണ് സാര്‍ക് രാജ്യങ്ങള്‍ക്കു ലഭിക്കുക.

ചെറിയ ചെലവില്‍ ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ലോകരാജ്യങ്ങളുടെ കയ്യടി നേടിയ ഇന്ത്യ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണ സംഘമായ 'സാര്‍ക്കി'നായി നിര്‍മിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമാണ് 'സൗത്ത് ഏഷ്യ സാറ്റലൈറ്റ്'. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സാര്‍ക്ക് രാജ്യങ്ങള്‍ക്കു വേണ്ടി ഉപഗ്രഹമെന്ന നിര്‍ദേശം ഐഎസ്ആര്‍ഒയ്ക്കു മുന്‍പില്‍ വച്ചത്. മേഖലയില്‍ സ്വാധീനം വളര്‍ത്താന്‍ ചൈന കിണഞ്ഞു ശ്രമിക്കുകയും ഇന്ത്യ പാക്ക് ബന്ധത്തിലെ ഉലച്ചിലുകള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ 'ബഹിരാകാശ നയതന്ത്രം'

സാര്‍ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ ഒഴികെ എല്ലാവരും ഭാഗമാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകും. 2014 ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം നരേന്ദ്ര മോദിയുടെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. 'സാര്‍ക് സാറ്റലൈറ്റ്' എന്നാണ് ആദ്യം പേരിട്ടതെങ്കിലും പാക്കിസ്ഥാന്‍ പിന്മാറിയതോടെ 'ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ്' എന്നാക്കി മാറ്റി. സബ്കാ സാത്, സബ്കാ വികാസ് ആശയത്തിന്റെ തുടര്‍ച്ചയാണ് ബഹിരാകാശത്തെ സൗജന്യസേവനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad