Type Here to Get Search Results !

Bottom Ad

ജസ്റ്റിസ് കര്‍ണന് ആറുമാസം തടവ്; ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നും ഉത്തരവ്


ന്യൂഡല്‍ഹി : (www.evisionnews.in) കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന് കോടതിയലക്ഷ്യക്കുറ്റത്തിന് ആറുമാസത്തെ തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി. കര്‍ണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് വിധി. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റു ചെയ്യണമെന്ന ജസ്റ്റിന്റെ കര്‍ണന്റെ ഉത്തരവാണ് നടപടിക്ക് ആധാരം. ഈ വിധിയിലൂടെ കര്‍ണന്‍ ഗുരുതരമായ കോടതിയലക്ഷ്യം കാട്ടിയതായി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ചൂണ്ടിക്കാട്ടി. ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത് ഇതാദ്യമാണ്.

ജസ്റ്റിസ് കര്‍ണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും കോടതി ആവശ്യപ്പെട്ടു. തൊലിയുടെ നിറത്തിനനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നത്. കോടതിയലക്ഷ്യം, കോടതിയലക്ഷ്യം തന്നെയാണെന്നും സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനാണു കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. അന്നു മദ്രാസ് ഹൈക്കോടതിയില്‍നിന്നു കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കര്‍ണന്‍ സ്വയം സ്റ്റേ ചെയ്‌തെങ്കിലും പിന്നീട് കൊല്‍ക്കത്തയിലെത്തുകയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന്‍ മാര്‍ച്ച് 31നു സുപ്രീംകോടതിയില്‍ ഹാജരായിരുന്നു. അന്നു ജഡ്ജിമാര്‍ തന്നെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സുപ്രീം കോടതിയോട് വീണ്ടും ഇടഞ്ഞത്.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ എട്ടു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. ജാതീയമായി അധിക്ഷേപിച്ചുവെന്ന സ്വന്തം പരാതിയിലാണ് ജസ്റ്റിസ് കര്‍ണന്‍ തന്നെ ശിക്ഷ വിധിച്ചത്. എസ്സി/എസ്ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് നടപടി. എട്ടുപേര്‍ അഞ്ചു വര്‍ഷം തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴയടയ്ക്കാത്ത പക്ഷം ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെയും താനൊരു ദലിതനാണെന്ന കാര്യവും അവഗണിച്ചതായി ജസ്റ്റിസ് കര്‍ണന്‍ ചൂണ്ടിക്കാട്ടി. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും നല്‍കാതിരുന്ന ചീഫ് ജസ്റ്റിസും സംഘവും തനിക്കെതിരെ ഗൂഢാലോചന നടത്തുകയും അപമാനിക്കുന്ന രീതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തെന്നും കര്‍ണന്‍ ഉത്തരവില്‍ പറയുന്നു. പിഴയായി വിധിച്ച പണം ഒരാഴ്ചയ്ക്കുള്ളില്‍ നാഷനല്‍ കമ്മിഷന്‍, എസ്‌സിഎസ്ടി കോണ്‍സ്റ്റിട്യൂഷനല്‍ ബോഡി, ഖാന്‍ മാര്‍ക്കറ്റ്, ന്യൂഡല്‍ഹി എന്ന വിലാസത്തിലാണ് അടയ്‌ക്കേണ്ടതെന്നും കര്‍ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ തന്റെ 'വീട്ടിലെ കോടതി'യില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവു പാലിച്ചില്ലെന്ന കാരണം കാട്ടി സി.എസ്. കര്‍ണന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ടതും. സമന്‍സ് കിട്ടിയ സുപ്രീം കോടതി ജഡ്ജിമാര്‍ കഴിഞ്ഞദിവസം ജസ്റ്റിസ് കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍ സംഘം കര്‍ണന്റെ വസതിയില്‍ എത്തിയെങ്കിലും പരിശോധന നിയമവിരുദ്ധമാണെന്ന് കാണിച്ച് കര്‍ണന്‍ അവരെ തിരികെ അയയ്ക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad