Type Here to Get Search Results !

Bottom Ad

ഇല്ലാത്ത സ്‌കോളര്‍ഷിപ്പിനെ കുറിച്ച് വാട്‌സ്ആപ്പ് സന്ദേശം: പുലിവാല്‍പിടിച്ച് നഗരസഭ അധികൃതര്‍



കാസര്‍കോട്: (www.evisionnews.in) തദ്ദേശ സ്ഥാപനങ്ങളുടെ പേരില്‍ ഇല്ലാത്ത സ്‌കോളര്‍ഷിപ്പ് സന്ദേശം പ്രചരിക്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപയും പ്ലസ് ടു പിന് 85 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 25,000 രൂപയും കേന്ദ്ര സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന വ്യാജ സന്ദേശമാണ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അതത് പ്രദേശത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സോഷ്യല്‍ മീഡിയയില്‍ ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത്. പത്താം തരത്തില്‍ 75 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ നഗരസഭാ പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്നാണ് സന്ദേശം. പരീക്ഷഫലം പുറത്തുവന്നതോടെ ഈ സന്ദേശം ലഭിച്ച നിരവധി പേരാണ് അപേക്ഷാ ഫോറത്തിനായി ദിനേന കാസര്‍കോട് നഗരസഭയിലെത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നഗരസഭാ പരിധിയില്‍ നിന്ന് മാത്രമല്ല ജില്ലയുടെ വിവിധ പഞ്ചായത്തുകളിലും സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷയ്ക്കായി നിരവധി പേര്‍ എത്തുന്നുണ്ട്.

തെറ്റായ സന്ദേശമാണതെന്നും അത്തരത്തിലുള്ള ഫോറം ഇവിടെ ലഭ്യമല്ലെന്നും അറിയിച്ചാലും പലരും ഉള്‍ക്കൊള്ളാതെ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും തട്ടിക്കയറാന്‍ ഇടയാകുന്നതായും പറയുന്നു. തങ്ങള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് പൂഴ്ത്തിവെക്കുന്നതായി ആരോപിച്ച് ദേഷ്യപ്പെട്ടാണ് പലരും മടങ്ങുന്നത്. വിമുക്ത ഭടന്മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് ജനറല്‍ വിഭാഗത്തിലുള്ള സ്‌കോളര്‍ഷിപ്പായി പ്രചരിപ്പിക്കുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.നിലവില്‍ നഗരസഭയില്‍ നിന്ന് ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് മാത്രമാണ് നല്‍കിവരുന്നത്. പ്രൈമറിതലം മുതല്‍ ബിരുദതലം വരെയുള്ള കുട്ടികള്‍ക്ക് വര്‍ഷത്തില്‍ 4000- 12000 രൂപയാണ് നല്‍കുന്നത്. പിന്നെ എ.പി.ജെ അബ്ദുല്‍ കലാം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ നഗരസഭാ പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് നല്‍കി വരുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ ഫൗണ്ടേഷന്‍ നേരിട്ടാണ് ഈ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad