Type Here to Get Search Results !

Bottom Ad

എറണാകുളം ജില്ലയില്‍ മുസ്ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍ നാളെ


കൊച്ചി(www.evisionnews.in): എറണാകുളം ജില്ലയില്‍ ചൊവ്വാഴ്‌ച മുസ്ലിം ഏകോപന സമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ഹാദിയ കേസിലെ വിധിക്കെതിരെ മുസ്ലീം ഏകോപന സമിതി സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപിച്ച് ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം. വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.പ്രതിഷേധ മാര്‍ച്ച് ഹൈക്കോടതി കവാടത്തിനു മുന്‍പ് സെന്റ് ആല്‍ബര്‍ട്ട് കോളേജിനു സമീപത്തുവെച്ച് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടയാന്‍ ശ്രമിച്ചു. എങ്കിലും ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് വന്ന പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.
മതം മാറിയതിനുശേഷം മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും, ഷഫീന്റെയും വിവാഹം അസാധുവാക്കി ബുധനാഴ്ചയാണ് കേരള ഹൈക്കോടതി ഉത്തരവിടുന്നത്. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.
യുവതിയെ ഐഎസിലേക്ക് കടത്തികൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പിതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നോ എന്ന് പരിശോധിക്കണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം യുവതിയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ഹാദിയയുടെ എതിര്‍പ്പിനെ മറികടന്നാണ് പൊലീസ് നടപടി.

Post a Comment

0 Comments

Top Post Ad

Below Post Ad