തിരുവനന്തപുരം : (www.evisionnews.in) കേരളത്തിലെ ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കശാപ്പുകാരായി മാറിയോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി വിരോധത്തിന്റെ പേരില്‍ യുവാക്കള്‍ കശാപ്പുകാരായി തെരുവുകളില്‍ പേക്കൂത്ത് നടത്തുന്ന കാഴ്ച ഞെട്ടലുളവാക്കുന്നതാണ്. കശാപ്പുകാരന്റെ മനസ്സുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനെത്തുന്ന ഇവരെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും കുമ്മനം പറഞ്ഞു.
പ്രതിഷേധത്തിന്റെ പേരില്‍ നടുറോഡില്‍ മൃഗങ്ങളെ കശാപ്പു ചെയ്യുകയും മൃഗങ്ങളുടെ ചോരയൊലിക്കുന്ന തലയുമായി പ്രകടനം നടത്തുകയും ചെയ്യുന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യുന്ന കാര്യമാണോയെന്ന് ചിന്തിക്കണം. ബീഫ് പാകം ചെയ്ത് വിതരണം ചെയ്യുന്നതിനു വേണ്ടി പൊതുജന മധ്യത്തില്‍ പരസ്യമായി കശാപ്പ് നടത്തുന്നത് കാട്ടാളത്തമാണ്. ഭാവികേരളത്തെപ്പറ്റി പ്രത്യാശയ്ക്ക് വകയില്ലെന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് രണ്ടു ദിവസങ്ങളായി കേരളത്തില്‍ അരങ്ങേറിയതെന്നും കുമ്മനം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തെ കൊലപാതകികളും മാനഭംഗക്കാരുമായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് പാക്കിസ്ഥാന്‍കാരുടെ സ്വരമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. അതിനുള്ള അംഗീകാരമാണ് കോടിയേരിയെ പ്രകീര്‍ത്തിച്ച് പാക്കിസ്ഥാന്‍ ദിനപ്പത്രങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അതിര്‍ത്തിയിലെ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിലപാടിന് എതിരായി ഇന്ത്യക്ക് അകത്തുനിന്നുതന്നെ എതിര്‍പ്പുയര്‍ന്നു എന്ന തരത്തിലാണ് പാക്ക് മാധ്യമങ്ങള്‍ കോടിയേരിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.
തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി ശത്രുരാജ്യം തന്റെ പ്രസ്താവനയെ സ്വീകരിച്ചിട്ടും അതു തിരുത്താന്‍ പോലും തയാറാകാത്ത കോടിയേരിയുടെ നിലപാട് രാജ്യദ്രോഹമാണ്. ഇതിനെതിരെ ബിജെപി നിയമനടപടി സ്വീകരിക്കുമെന്നും കുമ്മനം അറിയിച്ചു.
Post a Comment
0 Comments