Type Here to Get Search Results !

Bottom Ad

വിമാനയാത്രയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; മര്യാദ വിട്ടാല്‍ വിലക്ക്


ന്യൂഡല്‍ഹി: (www.evisionnews.in) രാജ്യത്ത് ആദ്യമായി വിമാനയാത്രയ്ക്കു വിലക്കുള്ളവരുടെ പട്ടിക വരുന്നു. വിമാനത്തില്‍ മര്യാദയില്ലാതെ പെരുമാറുന്നവരുടെ തുടര്‍യാത്രകള്‍ നിരോധിക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൂന്നു മാസം മുതല്‍ രണ്ടുവര്‍ഷത്തേക്കാണു നിരോധനം. കഴിഞ്ഞ മാര്‍ച്ചില്‍ ശിവസേന എംപി രവീന്ദ്ര ഗായ്ക്വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളാണു കടുത്ത തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഗായ്ക്വാദിന് വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കുഴപ്പക്കാരായ യാത്രക്കാരെ മൂന്നുവിധത്തിലാണു തരം തിരിച്ചിട്ടുള്ളതെന്നു വ്യോമയാന മന്ത്രി അശോക് ഗണപതി രാജു പറഞ്ഞു. ആംഗ്യങ്ങളിലൂടെയുള്ള അധിക്ഷേപം നടത്തുന്നവരാണ് ഒന്നാം തലത്തില്‍. തള്ളുക, ഇടിക്കുക, ലൈംഗികമായി ഉപദ്രവിക്കല്‍ തുടങ്ങിയവ രണ്ടാം തലത്തിലാണ്. ജീവനു ഭീഷണിയാകുന്ന പ്രവര്‍ത്തനം, വിമാനത്തിനു നാശനഷ്ടം എന്നിവയാണു മൂന്നാം തലത്തില്‍. ഒന്നാം പട്ടിക പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തവരെ മൂന്നുമാസത്തേക്കും രണ്ടാംനിരക്കാരെ ആറുമാസത്തേക്കും മൂന്നാംതലത്തിലുള്ള യാത്രക്കാരെ രണ്ടുവര്‍ഷത്തേക്കുമാണു വിലക്കുക. മര്യാദകേടിന്റെയും കുറ്റത്തിന്റെയും കാഠിന്യമനുസരിച്ചു നിരോധന കാലയളവ് കൂടാം.

കരടുനിയമത്തെപ്പറ്റി പൊതുജനങ്ങള്‍ക്കു അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി ഒരു മാസം സമയമുണ്ട്. അതിനുശേഷമേ നിയമം പ്രാബല്യത്തിലാകൂ. ആഭ്യന്തര യാത്രക്കാര്‍ക്കും നിയമം ബാധകമായിരിക്കും. 2015ല്‍ ലോകത്താകെ 10,854 യാത്രക്കാര്‍ വിമാനയാത്രയ്ക്കിടെ മര്യാദവിട്ടു പെരുമാറി എന്നാണ് രാജ്യാന്തര വ്യോമയാത്രാ അസോസിയേഷന്റെ കണക്ക്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad