Type Here to Get Search Results !

Bottom Ad

കാമുകന് നഗ്‌നചിത്രം അയക്കുന്നതിന് മുന്‍പ് സോദരീ, ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട് ഓര്‍മ്മപ്പെടുത്തലുമായി കേരളാ സൈബര്‍വാരിയേഴ്സ്


കൊച്ചി: (www.evisionnews.in) പാക് സൈറ്റുകളില്‍ പ്രതികാരത്തിന്റെ അഗ്‌നി വിതറി, അവ തകര്‍ത്തെറിഞ്ഞ ആ പോരാളികളെ ആരും മറന്നുകാണില്ല. ശത്രുക്കള്‍ പുറത്തുമാത്രമല്ല, അകത്തുമുണ്ടെന്നായി പിന്നീടവരുടെ വിലയിരുത്തല്‍. പെണ്‍കുട്ടികള്‍ക്ക് അശ്ലീലമയക്കുന്ന ഞരമ്പന്മാരെ പിടിക്കാനായി പിന്നീടവരുടെ പോരാട്ടം. ആയിരക്കണക്കിന് പരാതികളില്‍ പരിഹാരമുണ്ടാക്കി അവര്‍ മുന്നേറുന്നു. ഹാക്കിംഗ് എന്ന സൈബര്‍ കുറ്റകൃത്യത്തെ നന്മയുടെ ആയുധമാക്കിയ സൈബര്‍ വാരിയേഴ്സിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇപ്പോളിതാ സഹോദരിമാര്‍ക്ക് മുന്നിലേക്ക് ഒരു മുന്നറിയിപ്പുമായാണ് സൈബര്‍വാരിയേഴ്സ് എത്തുന്നത്.

പ്രണയത്തിന്റെയും ബന്ധങ്ങളുടെയും മറവില്‍ സൈബറിടങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ പ്രതിരോധിക്കാനുള്ള ക്യാമ്പയിന്റെ ഭാഗമായാണ് മുന്നറിയിപ്പുമായി വാരിയേഴ്സ് രംഗത്തെത്തിയത്. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി നടക്കുന്നതിനു ഇടയ്ക്ക് സഹോദരിമാര്‍ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ടെന്നും അത് ഓര്‍മിപ്പിക്കുകയാണ് തങ്ങളെന്നും വാരിയേഴ്സ് പോസ്റ്റില്‍ പറയുന്നു. ഉപദേശം ഇഷ്ടം അല്ലെന്നു അറിയാമെങ്കിലും സഹോദരിമാര്‍ എല്ലാവരും വായിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. സ്നേഹിക്കുന്നതിനോ സംസാരിക്കുന്നതിനോ ആരും എതിരല്ല. പക്ഷെ ആ സംസാരം അതിര് കടക്കുമ്പോള്‍ നിങ്ങള്‍ തന്നെ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ടെന്ന് സൈബര്‍ വാരിയേഴ്സ് ഓര്‍മ്മിപ്പിക്കുന്നു. മറുപുറത്ത് ഉള്ളവന്റെ വാക്കും കേട്ട് സ്വന്തം നഗ്ന ശരീരത്തിന്റെ ഫോട്ടോ/ വീഡിയോ അയക്കുമ്പോള്‍ നിങ്ങള്‍ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല, ജന്മം നല്‍കിയ അച്ഛനേയും അമ്മയേയും സഹോദരങ്ങളെയുമാമെന്നും വാരിയേഴ്സ് പറയുന്നു. അവരെ കൂടി ആണ് ഇത്തരത്തില്‍ ചെയ്യുന്നവര്‍ നാണക്കേടിന്റെ കൊക്കയിലേക്ക് തള്ളിയിട്ട് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും അവര്‍ പറയുന്നു. 

പണ്ടത്തെ കാലം അല്ല ഇന്ന്. ഒരു നിമിഷത്തെ തെറ്റിന് ഒരു ജന്മം മുഴുവന്‍ വേദനിച്ചു തീര്‍ക്കേണ്ടി വരും. സോഷ്യല്‍മീഡിയ അങ്ങനെ ആണ്. അതിനെ തടയാനൊക്കെ കുറച്ചു പാടാണെന്നും വാരിയേഴ്സ് പറയുന്നു. എത്ര വിശ്വസിക്കുന്നവനോ ആകട്ടെ, കാമുകനോ സുഹൃത്തോ ആരും ആകാം. ദയവു ചെയ്ത് അവരെയും വിശ്വസിച്ചു നിങ്ങളുടെ നഗ്ന ദൃശ്യങ്ങള്‍ അയക്കാതെ ഇരിക്കുക. പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യമില്ലെന്നും ഓര്‍ക്കണമെന്നും വാരിയേഴ്സ് പറയുന്നു. അങ്ങനെ നഗ്‌നശരീരം ആവശ്യപ്പെട്ടവന്‍ നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നു എന്ന് പറയാന്‍ പറ്റില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഇതേ പോലുള്ള ഫോട്ടോസ്/വീഡിയോസ് സോഷ്യല്‍ മീഡിയ വഴി കിട്ടിയാല്‍ സ്വന്തം സഹോദരിക്ക് പറ്റിയ ഒരു അബദ്ധമായി കണ്ട്, അത് ഡിലീറ്റ് ചെയ്യണമെന്നും അവര്‍ എല്ലാവരോടും ആവശ്യപ്പെടുന്നു. നിങ്ങളായി ഒരു കുട്ടിയെ കൂടി ആത്മഹത്യയിലേക്ക് തള്ളി വിടാതെ ഇരിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങളില്‍ പരിഹാരം ഉണ്ടാക്കിയവരെന്ന നിലയില്‍ കേരളാ സൈബര്‍ വാരിയേഴ്സിന്റെ ഈ നിര്‍ദേശങ്ങളെ ഇരുകയ്യും നീട്ടിയാണ് സ്ത്രീസമൂഹമുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സൈബര്‍വാരിയേഴ്സിന്റെ തീരുമാനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad