Type Here to Get Search Results !

Bottom Ad

വിഷപ്പാമ്പുകൾ ഈ വഴി വരേണ്ടതില്ല! ഇബ്രാഹിമും കുടുംബവും പുതിയ വീട്ടിലാണ്..

ഖയ്യൂം മാന്യ


നൊമ്പരങ്ങൾ തേടിയുള്ള യാത്രകൾക്കിടയിൽ ഒരു ദിവസം ഞങ്ങൾ കർണാടകയിലെ മുദിപ്പുവിലെത്തി. മഞ്ചേശ്വരത്ത്‌ നിന്ന് ഒന്ന് വിളി കേൾക്കാൻ മാത്രം അരികിലുള്ള പ്രദേശം. അവിടെ ഞങ്ങളൊരു കെട്ടിടം കണ്ടു. തൊഴുത്ത്‌ പൊലെ തോന്നിപ്പിക്കുന്ന, രണ്ട്‌ വശവും തുറന്നിട്ട, എങ്ങനെ കണക്ക്‌ കൂട്ടിയാലും 250 സ്‌ക്വയർ ഫീറ്റിനപ്പുറം വിസ്‌തീർണമില്ലാത്ത, മണ്ണ് കുഴച്ച്‌ വെച്ച്‌ നിർമിച്ച ഒന്ന്. അതിന്റെ മുകളിൽ ആസ്‌ബസ്‌റ്റോസ്‌ ഷീറ്റായിരുന്നു പാകിയിരുന്നത്‌, അത്‌ പോലും പലയിടത്തും പൊളിഞ്ഞ്‌ പോയിരുന്നു. ആ മഴ പെയ്യുന്ന (www.evisionnews.in)സായാഹ്നത്തിൽ കെട്ടിടത്തിനകത്തേക്കും വെള്ളം ഊർന്ന് വീഴുമെന്നുറപ്പ്‌. പുറത്തെ കാഴ്‌ച്ചകളൊക്കെ നിസാരമായിരുന്നു, ഉള്ളിലേക്ക്‌ കടന്നപ്പോൾ.ഏഴ്‌ മനുഷ്യർ ആറ് വർഷങ്ങളായി താമസിക്കുന്ന വീടായിരുന്നു അത്‌. അവരുടെ കഥ കേട്ട്‌ ഞങ്ങൾ അവിശ്വസനീയതയോടെ തരിച്ച്‌ നിന്നു. വാതിലുകളില്ലാത്ത ആ 'വീട്ടി'ൽ വിഷപ്പാമ്പുകൾ സ്ഥിരമായെത്തുന്ന അതിഥികളാണത്രെ!

തൊട്ടടുത്ത ദിവസം തന്നെ ക്യാമറയുമായെത്തി ആ ദ്ര്ശ്യങ്ങൾ പകർത്തി. വീഡിയോ പോസ്‌റ്റ്‌ ചെയ്‌തു. പതിവു പോലെ അല്ലാഹുവിൽ ഭാരമേൽപ്പിച്ചു. പക്ഷെ, വിളികളും അന്വേഷണങ്ങളും നന്നേ കുറവ്‌.. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരനുഭവം.. ബാങ്ക്‌ അക്കൗണ്ടും പതുക്കെ മാത്രം ചലിച്ചു. ഒരു ലക്ഷത്തിന്റെ മുകളിൽ പോകാനാവാതെ അക്കങ്ങൾ മടിച്ച്‌ നിന്നു.

വീഡിയൊയിൽ പാളിച്ച പറ്റിയോ എന്ന ആശങ്കയായിരുന്നു മനസിൽ. ഞാൻ നാസർ മാന്യയോട്‌ പറഞ്ഞു, നമുക്ക്‌ സ്‌ക്രിപ്‌റ്റ്‌ മാറ്റി ഒന്ന് കൂടി എഡിറ്റ്‌ ചെയ്യാം.. അങ്ങനെ കഴിഞ്ഞ ബലി പെരുന്നാളിന് പാതിരാത്രിയിൽ ഞാനും നാസർമാന്യയും കൂടി വീണ്ടുമൊരിക്കൽ കൂടി എഡിറ്റിംഗ്‌ സ്യൂട്ടിലിരുന്നു. സുബ്‌ഹിയോട്‌ അടുത്തിരുന്നു അത്‌ പൂർണമാകുമ്പോൾ. മാറ്റം വരുത്തിയ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിട്ടും വീട്‌ എന്ന സ്വപ്‌നത്തിനും രണ്ടേ മുക്കാൽ ലക്ഷം രൂപക്കുമിടയിൽ ഇബ്രാഹിം എന്ന മനുഷ്യൻ വീണ്ടും ഒരു സങ്കടക്കാഴ്‌ച്ചയായി.

പക്ഷെ ആ മനുഷ്യനെ അങ്ങനെയങ്ങ്‌ ഉപേക്ഷിച്ച്‌ പോകാനാവുമായിരുന്നില്ല. കാരുണ്യത്തിന്റെ വഴികളിലെന്നും കൂടെ നിൽക്കുന്ന കുറച്ച്‌ നല്ല മനുഷ്യരോട്‌ കാര്യങ്ങൾ അവതരിപ്പിച്ചു. തളങ്കരയിലെ പേര് പറയാത്ത മനുഷ്യൻ 54,000 രൂപ തന്നു. കാഞ്ഞങ്ങാട്ടെ ഖത്തറുകാരനായ യുവസുഹൃത്ത്‌ (www.evisionnews.in)ഖാലിദിന്റെ വക 25,000 രൂപ. അബൂദാബിയിലെ വ്യാപാരപ്രമുഖനായ സേഫ്‌ലൈൻ അബൂബക്കർ ചാറ്റ്‌ ചെയ്യുന്നതിനിടെ, എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചപ്പോൾ ഞാൻ മുദിപ്പുവിലെ സംഭവം പറഞ്ഞു. രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ പണം അയച്ചതിന്റെ റസീറ്റുമായി അദ്ദേഹം വാട്‌സ്‌ആപ്പിന്റെ ഇൻബോക്‌സിൽ വന്ന് നിന്നു!

ഒടുവിൽ നോമ്പിന് മുമ്പെ വീട്‌ പണി തീർക്കാൻ പിന്നെയും വേണം വലിയൊരു തുക. എന്ത്‌ ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് സ്‌നേഹം കൊണ്ട്‌ എപ്പോഴും അത്ഭുതപ്പെടുത്തിയ യൂസുഫ്‌ അൽഫലാഹ്‌ എന്ന വലിയ മനുഷ്യൻ, അൽഫലാഹ്‌ ഫൗണ്ടേഷൻ എന്ന പ്രസ്ഥാനത്തിലൂടെ ഒരു നാടിന്റെ കൺനീര് തുടക്കുന്ന പ്രവാസിവ്യാപാരിയെ കണ്ട്‌ മുട്ടുന്നത്‌. കാര്യങ്ങളറിഞ്ഞ അദ്ദേഹത്തിന്റെ ഒരൊറ്റ ചോദ്യം മതി ആ മനുഷ്യൻ എന്താണെന്നറിയാൻ, എത്ര പണം ആവശ്യമുണ്ടെന്നല്ല, പണം എപ്പോൾ വേണമെന്ന് ചോദിച്ചാണ് യൂസുഫ്‌ച്ച പിന്നെയും വിസ്‌മയിപ്പിച്ചത്‌!

കഴിഞ്ഞ ദിവസമായിരുന്നു മുദിപ്പുവിലെ ഇബ്രാഹിമിന്റെ വീട്‌ കൈമാറിയത്‌. ചടങ്ങിനെത്തുമെന്ന് ഉറപ്പിച്ചിരുന്ന യൂസുഫ്‌ അൽഫലാഹ്‌ അവസാനനിമിഷത്തെ അസൗകര്യം കാരണമാണ് വരാതിരുന്നത്‌. രാവിലെ തന്നെ ഫോൺ വിളിച്ച്‌ കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം പിന്നെയും ഇരട്ടിക്കുകയായിരുന്നു. ജീവകാരുണ്യരംഗത്തെ സമാനതകളില്ലാത്ത അഷ്‌റഫ്‌ കർല ആ ദൗത്യം ഏറ്റെടുത്തത്‌ ആ അഭാവം ഇല്ലാതാക്കി.

ഓരോ ചടങ്ങിനും (www.evisionnews.in)അഹ്‌ലുബൈത്തിന്റെ സാന്നിദ്ധ്യമുണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ട്‌. ഇത്തവണ സയ്യിദ്‌ സഫ്‌വാൻ തങ്ങൾ ഏഴിമല പ്രാർത്ഥനയുടെ അനുഗ്രഹവുമായി മുദിപ്പുവിലെത്തി. തലേദിവസം വിളിച്ചപ്പോൾ തന്നെ ഇങ്ങനെയൊരു കാര്യത്തിനെത്താൻ സന്തോഷമാണെന്ന മുഖവുരയോടെ..

2,80,000 രൂപ മാത്രം വന്ന മുദിപ്പുവിലെ ഇബ്രാഹിമിന് എങ്ങനെ വീട്‌ നിർമിച്ചു എന്ന് അറിയേണ്ടെ എന്ന് ചോദിച്ചപ്പോൾ അതിനെ വെല്ലുവിളിയായി കണ്ടവരുണ്ട്‌. അല്ല പ്രിയപ്പെട്ടവരേ അല്ല. ഇത്‌ ബാങ്ക്‌ അക്കൗണ്ടിലെ അക്കങ്ങൾക്കപ്പുറത്ത്‌ സ്‌നേഹം കൊണ്ട്‌ ചേർന്ന് നിൽക്കാൻ ഒരുപാട്‌ മനുഷ്യരുള്ളതിന്റെ സന്തോഷം പങ്ക്‌ വെച്ചതാണ്. അതിനെ വിളിച്ച്‌ പറയാനെങ്കിലും കഴിയുന്നതാണ് എന്റെ ഭാഗ്യം!

Post a Comment

0 Comments

Top Post Ad

Below Post Ad