ഖയ്യൂം മാന്യ
കാസര്‍കോട് (www.evisionnews.in): ആരും വിളി കേള്‍ക്കാനില്ലാത്ത മലഞ്ചെരുവില്‍, പൊട്ടിപ്പൊളിഞ്ഞ വാതിലുകള്‍ക്കകത്തെ നാല് പെണ്‍ജന്മങ്ങളുടെ ജീവിതാവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത, ആ സങ്കടങ്ങള്‍ നേരിട്ടറിയാന്‍ സമ്മാനപ്പൊതികളുമായി ഓടിവന്ന നല്ല മനുഷ്യരേ.. നിങ്ങളുടെ ഹൃദയത്തെ പിടിച്ച് കുലുക്കിയ ആ ദൃശ്യങ്ങളൊക്കെയും ഇനി മുതല്‍ കെട്ടുകഥ പോലെ പഴക്കമുള്ളതായിത്തീരുകയാണ്. വാതിലുകളില്‍ മണിച്ചിത്രത്താഴും ജനാലകളില്‍ കര്‍ട്ടണും നിലത്ത് വെര്‍ട്ടിഫൈഡ് ടൈലും സ്വീകരണമുറിയില്‍ സോഫയുമുള്ള പുതിയ വീട്ടിലാണിന്ന് ബായാറിലെ ആസ്യുമ്മയും മകളും പേരമക്കളും!
കഴിഞ്ഞ റമദാന്‍ അഞ്ചിനായിരുന്നു 'ഉമ്മയുറങ്ങാത്ത വീട്ടിലെ നൊമ്പരങ്ങള്‍ നെഞ്ചിടിപ്പോടെ ലോകം കണ്ടത്. പിന്നീട് സംഭവിച്ചതൊക്കെയും അത്ഭുതം എന്ന വാക്കിനെ പോലും വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. വിടവുകളുള്ള മേല്‍ക്കൂരക്കിടയിലൂടെ കാരുണ്യത്തിന്റെ പെരുമഴ പെയ്തിറങ്ങിയ നാളുകള്‍.. ഭക്ഷണപ്പൊതികളും പുതുവസ്ത്രങ്ങളുമായി ബായാറിലേക്ക് വന്ന കോഴിക്കോട്ടെയും മലപ്പുറത്തെയും മംഗലാപുരത്തെയും നന്മയുള്ള മനുഷ്യര്‍.. നാല് ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും അവിടേക്ക് എത്തുമ്പോള്‍ അകത്ത് കാല് കുത്താന്‍ ഇടമില്ലാത്ത വിധം നിറഞ്ഞ് നിന്ന സ്നേഹസമ്മാനങ്ങള്‍.. അതിന്റെ ഒത്തനടുക്ക് വിടര്‍ന്ന ചിരിയുമായി ആസ്യുമ്മ എന്ന വൃദ്ധമാതാവും.. ഈ സ്നേഹം ആവശ്യത്തിലും അധികമായിരിക്കുന്നുവെന്ന് വിളിച്ച് പറയേണ്ടി വന്നു ഞങ്ങള്‍ക്ക്.
സുരക്ഷിതമായ സ്ഥലത്ത് അവര്‍ക്ക് പുതിയ വീടൊരുക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീട്. ആസ്യുമ്മക്ക് ഇഷ്ടപ്പെട്ട സ്ഥലം കണ്ടെത്താന്‍ തന്നെ മാസങ്ങളെടുത്തു. റോഡരികില്‍ നല്ല സ്ഥലങ്ങള്‍ കാണിച്ചപ്പോഴൊക്കെ ഞങ്ങള്‍ക്ക് പഴയ ഇടം തന്നെ മതിയെന്ന് വാശി പിടിക്കുക പോലും ചെയ്തു അവര്‍. ആ മലഞ്ചെരുവിനെയും കോഴിക്കുഞ്ഞുങ്ങളെയും വിട്ട് പിരിയാനാവാത്ത വിധം നിഷ്‌കളങ്കമായിരുന്നു അവരുടെ ജീവിതം!
ഒടുവില്‍ അവരുടെ വീട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് എട്ട് സെന്റ് സ്ഥലം കണ്ടെത്തി. സാക്ഷാല്‍ കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങളായിരുന്നു പുതിയ വീടിന് കുറ്റി അടിക്കാനെത്തിയത്. വീട് കൈമാറുന്ന ദിവസം ഇതിനായി മാത്രം കോഴിക്കോട് നിന്ന് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങളും എത്തി.
900 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടിന് 1036200 രൂപ ചെലവായി. എട്ട് സെന്റ് സ്ഥലത്തിന് രജിസ്ട്രേഷന്‍ ഉള്‍പ്പടെ 298700 രൂപ. ബോര്‍വെല്ലിനും മോട്ടറിനുമായി 93400 രൂപ. സ്ഥലത്തിന്റെ ചെരിവ് നികത്താനും ഇലക്ട്രിസിറ്റിക്കും കോമ്പൗണ്ട് വാളിനും ഫര്‍ണീച്ചറിനും ഒക്കെയായി 113800 രൂപ. രണ്ട് പെണ്‍കുട്ടികളുടെ വിവാഹത്തിനായി ഇരുപത് പവന്‍ സ്വര്‍ണത്തിന് തുല്യമായ 430000 രൂപ ഉപ്പളയിലെ ജ്വല്ലറിയില്‍ ഏല്‍പ്പിച്ചിട്ടുമുണ്ട്. എല്ലായിടത്തെയും പോലെ നാട്ടുകാരുടെ പ്രാദേശിക കമ്മറ്റിയാണ് ഈ വീടിന്റെയും നിര്‍മാണം നടത്തിയത്. ഖലീലും അശ്വത്തും അജിത്തും നസീര്‍ കോരിക്കാറും ഉള്‍പ്പെടുന്ന 'സാന്ത്വന ലാല്‍ബാഗു'മായി സഹകരിക്കുന്ന രണ്ടാമത്തെ വീടാണിത്.
പി.ബി അബ്ദുറസാഖ് എം.എല്‍.എയും എ.കെ.എം അഷ്റഫും അഷ്റഫ് കര്‍ലയും സെഡ്.എ കയ്യാറും ഗോള്‍ഡ് കിംഗ് ഹനീഫും ലണ്ടന്‍ മുഹമ്മദ് ഹാജിയും അബു തമാമും അങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള ആളുകള്‍ ഈ സന്തോഷം പങ്കുവെക്കാന്‍ ഇന്നലെ ബായാര്‍പദവിലെത്തിയിരുന്നു.
Post a Comment
0 Comments