Type Here to Get Search Results !

Bottom Ad

ബാവിക്കര സ്ഥിരം തടയണ നിര്‍മാണം പുനരാരംഭിക്കും: മന്ത്രി



ബോവിക്കാനം (www.evisionnews.in): കാസര്‍കോട് നഗരത്തിലെ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് പാതിവഴിയില്‍ കിടക്കുന്ന ബാവിക്കര സ്ഥിരം തടയണയുടെ നിര്‍മാണം പുനരാരംഭിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ്. ഇതു സംബന്ധിച്ച് നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു 27കോടി രൂപയുടെ എസ്റ്റിമേറ്റ് ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയിട്ടുണ്ട്. 

പയസ്വിനിപ്പുഴയിലെ ബാവിക്കര ജലസംഭരണയില്‍ ഉപ്പിന്റെ അംശം കൂടുകയും ജലനിരപ്പ് താഴുകയും ചെയ്തതിനാല്‍ ജലഅതോറിറ്റി പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടെ നിന്നാണ് ജല അതോറിറ്റി കാസര്‍കോട് നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലും വിതരണം ചെയ്യാന്‍ ആവശ്യമായ വെള്ളം എടുക്കുന്നത്. വേനല്‍ക്കാലത്ത് സംഭരണിയില്‍ വെള്ളം ശേഖരിച്ചു നിര്‍ത്തുന്നതിനും വേലിയേറ്റ സമയത്തു കടല്‍ജലം കയറി ഉപ്പുകലരാതിരിക്കാനും വേണ്ടിയാണ് സ്ഥിരം തടയണക്ക് പദ്ധതി തയാറാക്കിയത്.

1992ല്‍ ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പണി തുടങ്ങിയത് 2005ലാണ്. എന്നാല്‍ മാസങ്ങള്‍ക്കകം പണി മുടങ്ങി. തുടര്‍ന്നു 2012ല്‍ നിര്‍മാണം പുനരാരംഭിച്ചെങ്കിലും അതും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതിനു വേണ്ടി 4.26 കോടി രൂപയാണ് ഇതിനകം ചെലവഴിച്ചത്. 40 ശതമാനത്തോളം പണി പൂര്‍ത്തിയാവുകയും ചെയ്തു. സ്ഥിരം തടയണ യാഥാര്‍ഥ്യമാകാത്തതിനാല്‍ എല്ലാ വര്‍ഷവും പ്ലാസ്റ്റിക് ചാക്കുകള്‍ കൊണ്ടുള്ള താല്‍ക്കാലിക തടയണയെയാണ് ജലഅതോറിറ്റി ആശ്രയിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad