Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ രണ്ട് ബസ് കാത്തു നിൽപ്പു കേന്ദ്രങ്ങൾ അപകട ഭീഷണിയിൽ

ബദിയഡുക്ക( www.evisionnews.in ):ബദിയഡുക്ക ടൗണില്‍ ബസ്‌ സ്റ്റാന്റ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സിനൊപ്പം രണ്ട്‌ പ്രധാന കാത്തിരിപ്പു കേന്ദ്രങ്ങളും നിലം പൊത്താറായി. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ബസ്‌ കാത്തു നില്‍ക്കുന്ന മീത്തലെ ബസാറിലും സര്‍ക്കിളിന്‌ സമീപത്തെ ബസാറിലുള്ള കാത്തിരിപ്പ്‌ കേന്ദ്രങ്ങളാണ്‌ ഏതു നിമിഷവും നിലം പൊത്താവുന്ന രീതിയിലുള്ളത്‌. നല്ല കാറ്റോ, മഴയോ വന്നാല്‍ ഇവ പൊളിഞ്ഞു വീഴുമെന്നു യാത്രക്കാരും വ്യാപാരികളും ആശങ്കപ്പെടുന്നു. കോണ്‍ക്രീറ്റ്‌ കഷണങ്ങള്‍ അടര്‍ന്നു വീഴുന്ന മീത്തലെ ബസാറിലെ കാത്തിരിപ്പ്‌ കേന്ദ്രത്തിനകത്ത്‌ യാത്രക്കാര്‍ കയറാതിരിക്കാന്‍ ചുറ്റും ചെങ്കല്ലുകള്‍ വച്ചിട്ടുണ്ട്‌. രണ്ട്‌ ഹൈസ്‌കൂളുകളിലെ കുട്ടികളടക്കം നൂറുകണക്കിന്‌ ആള്‍ക്കാര്‍ കാസര്‍കോട്‌, മുള്ളേരിയ, ബെളിഞ്ച, ഏത്തടുക്ക, കിന്നിംഗാര്‍ ഭാഗങ്ങളിലേക്കുള്ള ബസ്‌ കാത്തുനില്‍ക്കുന്നത്‌ ഇവിടെയാണ്‌. മറ്റൊരു കാത്തിരിപ്പ്‌ കേന്ദ്രം പണിയാനുള്ള പദ്ധതി ചിന്തിച്ചിരുന്നുവെങ്കിലും അതിനു പ്രാരംഭ നടപടി ആയിട്ടില്ലെന്ന്‌ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ പറയുന്നു. ഇനി മഴക്ക്‌ മുമ്പ്‌ പ്രവൃത്തി തുടങ്ങാന്‍ സാധിക്കില്ല. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ടിന്‍ ഉപയോഗിച്ചു സര്‍ക്കിളിനടുത്തു നിര്‍മ്മിച്ച കാത്തിരിപ്പ്‌ കേന്ദ്രം ദ്രവിച്ച്‌ വീഴാന്‍ തുടങ്ങിയിട്ടുണ്ട്‌. കാസര്‍കോട്‌, മുള്ളേരിയ ഭാഗത്തേക്ക്‌ പോകുന്ന യാത്രക്കാര്‍ ഇവിടെയാണ്‌ ബസ്‌ കാത്തു നില്‍ക്കുന്നത്‌. ഇതു ഈ മഴയ്‌ക്കു നിലം പൊത്തുമെന്നു നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad