Type Here to Get Search Results !

Bottom Ad

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 7 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


കണ്ണൂര്‍ : (www.evisionnews.in) ആര്‍എസ്എസിന്റെ രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ച കക്കംപാറയിലെ പണ്ടാരവളപ്പില്‍ രാജേഷിന്റെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് സിഐ പി.കെ. സുധാകരനാണ് അന്വേഷണ ചുമതല. 2016 മേയ് മുതല്‍ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. 

കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് തുടങ്ങി. 11 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബിജെപി നേതാക്കള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലും കക്കംപാറയിലും പൊതു ദര്‍ശനത്തിനു വച്ചശേഷം രണ്ടു മണിയോടെ കക്കംപാറ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. കക്കംപാറയിലെ പണ്ടാരവളപ്പില്‍ പുരുഷോത്തമന്‍-ചൂരിക്കാട് നാരായണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുനില്‍, സുഭാഷ് (ദുബായ്), രതീഷ് (മസ്‌കത്ത്), ബിന്ദു.

പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു പഴയങ്ങാടി ഭാഗത്തു നിന്നു ബൈക്കില്‍ വരുമ്പോള്‍, കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം പാലക്കോട് പാലം കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു വച്ചു വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തില്‍ സാരമായി പരുക്കേറ്റ ബിജു സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസ് എത്തിയാണു മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സിപിഎം പ്രവര്‍ത്തകനായ കുന്നരുവിലെ ധനരാജ് വധക്കേസിലെ 12-ാം പ്രതിയായിരുന്നു ബിജുവെന്നു പൊലീസ് അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad