Type Here to Get Search Results !

Bottom Ad

27 അംഗ ഹിസ്ബുല്‍ ഭീകരരുടെ ചിത്രം പ്രചരിക്കുന്നു; ബോധപൂര്‍വമെന്ന് വിലയിരുത്തല്‍


ന്യൂഡല്‍ഹി : (www.evisionnews.in) കശ്മീരില്‍ എട്ടോളം ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചതിനു പിന്നാലെ പുതിയ റിക്രൂട്ടുകളെന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ഭീകരരുടെ ഗ്രൂപ്പ് ഫോട്ടോ പ്രചരിക്കുന്നു. പാക്ക് അധിനിവേശ കശ്മീരിലെ മുസഫറാബാദിലുള്ള ക്യാംപില്‍ പരിശീലനം നടത്തുന്ന ഹിസ്ബുല്‍ മുജാഹിദ്ദീന്റെ പുതിയ ബാച്ച് ആണെന്നാണു ചിത്രത്തോടൊപ്പം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി തയാറാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ ചിത്രം പ്രചരിക്കുന്നത്.

ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ അഹമ്മദ് ഭട്ടിനെയും മറ്റ് ഏഴുപേരെയും സൈന്യം വധിച്ചതിനു പിന്നാലെയാണ് ഈ ഫോട്ടോ പ്രചരിച്ചു തുടങ്ങിയത്. കഴിഞ്ഞയാഴ്ച തെക്കന്‍ കശ്മീരിലെ ത്രാലില്‍ നടത്തിയ ഭീകരവിരുദ്ധ വേട്ടയിലാണ് ഭട്ടിനെയും മറ്റും വധിച്ചത്. കൂടാതെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങളും സൈന്യം ഇല്ലാതാക്കിയിരുന്നു. 

കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഇതിനുപിന്നാലെ തന്നെ പുതിയ റിക്രൂട്ടുകളുടെ ചിത്രം പുറത്തുവിട്ടത് ബോധപൂര്‍വമാണെന്ന വിലയിരുത്തിലാണ് ഔദ്യോഗിക വൃത്തങ്ങള്‍. ഭീകരരുടെ ആത്മവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇതെന്നാണു സുരക്ഷാസേന കരുതുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താഴ്വരയില്‍ പ്രാദേശിക ഭീകരവാദികള്‍ ശക്തിപ്രാപിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ ഗ്രൂപ്പ് ഫോട്ടോകളും വിഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് സൈന്യത്തെ വെല്ലുവിളിക്കാറുമുണ്ട് ഇവര്‍. കഴിഞ്ഞവര്‍ഷം ബുര്‍ഹാന്‍ വാനിയുള്‍പ്പെടെ 10 ഭീകരരുടെ ചിത്രങ്ങള്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പുറത്തുവിട്ടിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad