Type Here to Get Search Results !

Bottom Ad

പിണറായി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കുറ്റവിചരണ യാത്ര മെയ് ഒന്നിന് കാസര്‍കോട്ട് നിന്ന് പ്രയാണമാരംഭിക്കും


കാസര്‍കോട്: (www.evisionnews.in) വര്‍ഗ്ഗീയതയ്‌ക്കെതിരെ നാടുണര്‍ത്തുക, ഭരണ തകര്‍ച്ചയ്‌ക്കെതിരെ മനസുണര്‍ത്തുക എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന മാര്‍ച്ച് കാസര്‍കോട് നിന്നും മെയ് ഒന്നിന് ആരംഭിക്കും. മെയ് ഒന്നിന് വൈകിട്ട് മൂന്നുമണിക്ക് ബദിയടുക്കയില്‍ നിന്ന് ആരംഭിച്ച് യാത്ര പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 25ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഉപരോധത്തോടെയാണ് സമാപിക്കും. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡണ്ട് അമരീന്ദര്‍ സിംഗ്, രാജാ ബ്രാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസിനിക്, കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍ തുടങ്ങി ദേശീയ സംസ്ഥാന നേതാക്കള്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തിരുവനന്തപുരത്ത് യാത്രയുടെ സമാപന പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍, കെ. മുരളാധരന്‍, ദേശീയ സെക്രട്ടറി ദീപക് ബാബറിയ, എം.എന്‍ സൂരജ്, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന രവീന്ദ്രദാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടിയായി മാര്‍ച്ച് മാറുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. വര്‍ഗ്ഗീയത, കൊലപാതക രാഷ്ട്രീയം, ക്രമസമധാന തകര്‍ച്ച, തൊഴിലില്ലായ്മ, തസ്തികകള്‍ വെട്ടിക്കുറയ്ക്കല്‍, പോലീസിന്റെ നിഷ്്ക്രിയത്വം, സദാചാര ഗുണ്ടായിസം, വിദ്യാഭ്യാസ കച്ചവടം, ഭൂമി കയ്യേറ്റം, സ്ത്രീസുരക്ഷ, വിലക്കയറ്റം എന്നിവയ്‌ക്കെതിരെയുള്ള യുവപ്രതിരോധമാണ് ലക്ഷ്യം വെക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് കാസര്‍കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ സര്‍വീസിലെ മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ് ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പിണറായി സര്‍ക്കാരിന്റ ശ്രമം. 

രണ്ട് ഫാസിസ്റ്റ് ഗവണ്‍മെന്റുകള്‍ക്കെതിരെയും മതേതര കക്ഷികളും ജനങ്ങളും കോണ്‍ഗ്രസിന് പിന്നില്‍ ഒന്നിച്ചണിനിരക്കേണ്ട കാലഘട്ടമാണിത്. മലപ്പുറത്തെ യുഡിഎഫിന്റെ വമ്പിച്ച വിജയവും ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്തുന്നു. വടക്കേ ഇന്ത്യയില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി ഭൂരിപക്ഷം കൈകലാക്കുകയായിരുന്നുവെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനെതിരെയെല്ലാം ശക്തമായ ജനവികാരമാണ് ഉയര്‍ന്നുവരേണ്ടതെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു സാഹചര്യത്തിലാണ് 'വര്‍ഗ്ഗീയതയ്‌ക്കെതിരെ നാടുണര്‍ത്തുക', 'ഭരണ തകര്‍ച്ചയ്‌ക്കെതിരെ മനസുണര്‍ത്തുക' എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് കേരളം മുഴുവന്‍ മാര്‍ച്ച് നടത്തുന്നത്. 140 നിയോജകമണ്ഡലങ്ങളിലെ ഓരോ കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ഭാരവാഹികളായ ശ്രീജിത്ത് മാടക്കല്‍, മനാഫ് നുള്ളിപ്പാടി, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ഉസ്മാന്‍ അണങ്കൂര്‍ എന്നിവരും ഡീന്‍ കുര്യാക്കോസിനോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad