തിരുവനന്തപുരം : (www.evisionnews.in) പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തിനെതിരെ പോളിറ്റ് ബ്യൂറോക്ക് വിഎസ് അച്യുതാനന്ദന്റെ കുറിപ്പ്. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്നാണ് വിഎസ് നല്‍കിയ കുറിപ്പിന്റെ ഉളളടക്കമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് സര്‍ക്കാരിനെതിരെ ജനരോഷം ഉണ്ടാകുന്നു. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ തിരുത്തല്‍ വേണം. അഴിമതിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണമെന്നും വിഎസ് കുറിപ്പില്‍ ആവശ്യപ്പെടുന്നു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തശേഷമാണ് വിഎസ് അച്യുതാനന്ദന്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് കുറിപ്പ് കൈമാറിയത്.
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളും കേന്ദ്രകമ്മിറ്റി അംഗങ്ങളുമായ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരെ ഇന്ന് നടപടി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശാസനയോ, താക്കീതോ ആയിരിക്കും ഇരുവര്‍ക്കുമെതിരെ കേന്ദ്രകമ്മിറ്റി സ്വീകരിക്കുകയെന്നും അറിയുന്നു. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്നു ചര്‍ച്ച ചെയ്യുകയാണ്.
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു.
Post a Comment
0 Comments