Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം: സര്‍വേ നടപടി പൂര്‍ത്തിയായി


തൃക്കരിപ്പൂര്‍ (www.evisionnews.in): സംസ്ഥാന ബജറ്റില്‍ ജില്ലക്ക് അനുവദിച്ച വിവിധോദ്ദേശ ആധുനിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ അനുമതിക്ക് മുന്നോടിയായുള്ള സര്‍വേ നടപടി പൂര്‍ത്തിയായി. തൃക്കരിപ്പൂരിലെ നടക്കാവ് വലിയകൊവ്വല്‍ മൈതാനത്ത് പഞ്ചായത്തിന്റെ അധീനതയിലുള്ള 12 ഏക്കറില്‍ പരം ഭൂമി പൂര്‍ണ തോതില്‍ വിനിയോഗിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനാണ് പദ്ധതി. 

ഫുട്‌ബോള്‍ പരിശീലകനും എം.ആര്‍.സി വെല്ലിംഗ്ടന്റെ പഴയകാല പോരാളിയുമായിരുന്ന പരേതനായ എം.ആര്‍.സി കൃഷ്ണന്റെ സ്മരണയിലാണ് സ്റ്റേഡിയ നിര്‍മാണം. പദ്ധതി സമര്‍പ്പണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട എഞ്ചിനീയര്‍മാരുടെയും അനുബന്ധ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മൈതാനത്ത് സര്‍വേ നടപടി ഇന്നലെ പൂര്‍ത്തിയാക്കി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ ബാവ, പഞ്ചായത്ത് അംഗങ്ങളായ പി. കുഞ്ഞമ്പു, സത്താര്‍ വടക്കുമ്പാട് എന്നിവരും എം. രാമചന്ദ്രനും നേതൃത്വം നല്‍കി.

ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനനുസരിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. 40 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മാണം. ആയിരങ്ങള്‍ക്ക് ഇരുന്ന് കളി കാണാനുള്ള വിസ്തൃതമായ സൗകര്യം പ്രധാനമാണ്. 400 മീറ്ററില്‍ ട്രാക്കുണ്ടാക്കും. വിവിധ കായിക ഇനങ്ങള്‍ക്കുള്ള കളിക്കളങ്ങള്‍ പ്രത്യേകമായി രൂപപ്പെടുത്തും. സമാന്തര റോഡുണ്ടാക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഓവ് ചാലിനും സൗകര്യമുണ്ടാക്കും.

ഊരാളുങ്കല്‍ തൊഴിലാളി സൊസൈറ്റിയാണ് സര്‍വേ നടത്തി പദ്ധതി സമര്‍പ്പണം നടത്തുന്നത്. ഫുട്‌ബോള്‍ രംഗത്ത് ഈ ഗ്രാമം രാജ്യാന്തര തലത്തില്‍ നല്‍കിയ മികവുറ്റ സംഭാവനയാണ് സ്റ്റേഡിയം അനുവദിക്കുന്നതിന് പിന്നില്‍. കഴിഞ്ഞ വര്‍ഷം തുറന്നു കൊടുത്ത ആധുനിക സിന്തറ്റിക് സ്റ്റേഡിയത്തിന്റെ അരിക് ചേര്‍ന്നാണ് ഇന്‍ഡോര്‍ സ്റ്റേഡിയവും. ഒരു മൈതാനത്ത് തന്നെ രണ്ട് ആധുനിക സ്റ്റേഡിയങ്ങളെന്ന പ്രത്യേകതയും ഈ നാടിന് സ്വന്തമാകും. ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാകുന്നതോടെ വലിയകൊവ്വല്‍ മൈതാനത്ത് പഞ്ചായത്തിന്റെ അധീനതയിലുള്ള വിസ്തൃതവും നിരപ്പായതുമായ മൈതാനം പൂര്‍ണമായും ഉപയോഗ പ്രദമാകും. 










Post a Comment

0 Comments

Top Post Ad

Below Post Ad