Type Here to Get Search Results !

Bottom Ad

പൊലീസ് ഉന്നതതലയോഗം ഇന്ന്; ഡിജിപി ലോകനാഥ് ബെഹ്‌റ പങ്കെടുക്കും


കൊച്ചി (www.evisionnews.in) പൊലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. സുപ്രീം കോടതി, നിയമനം റദ്ദാക്കിയ ഡിജിപി: ലോകനാഥ് ബെഹ്‌റ തന്നെ പൊലീസ് മേധാവിയായി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. സെന്‍കുമാര്‍ കേസിന്റെ വിധിയിലൂടെ സുപ്രീം കോടതി തിങ്കളാഴ്ചയാണ് ബെഹ്‌റയുടെ നിയമനം റദ്ദാക്കിയത്. എന്നാല്‍, ഇതു കണക്കിലെടുക്കാതെയാണ് ഇന്നു ചേരുന്ന യോഗത്തില്‍ ബെഹ്‌റ പങ്കെടുക്കുന്നത്.

പൊലീസ് മേധാവിയായുള്ള ലോകനാഥ് ബെഹ്‌റയുടെ നിയമനം അസാധുവാക്കുന്നതാണ് സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി. 2016 ജൂണ്‍ ഒന്നിന് ബെഹ്‌റയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നു എന്നുതന്നെയാണ് പരാമര്‍ശം. പരമോന്നത കോടതി ഇത്ര വ്യക്തമായി പറഞ്ഞ ശേഷം നടക്കുന്ന ആദ്യ പൊലീസ് യോഗത്തിലും പക്ഷെ, പൊലീസ് മേധാവിയായി തന്നെ അദ്ദേഹം പങ്കെടുക്കുമെന്നാണ് തീരുമാനം. തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്ന പൊലീസിനെ തിരുത്താന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ ഒടുവിലത്തേതാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. 

തിങ്കളാഴ്ചത്തെ കണ്ണൂര്‍ യോഗത്തിന് തൊട്ടുമുന്‍പാണ് ലോകനാഥ് ബെഹ്‌റയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തിയത്. വിധിയുടെ വിശദാംശങ്ങള്‍ അപ്പോള്‍ പുറത്തുവന്നിരുന്നില്ല എന്നതിനാല്‍ മുന്‍നിശ്ചയിച്ചപടി തന്നെ യോഗം നടന്നു. ഇപ്പോള്‍ കോടതിവിധിയുടെ പകര്‍പ്പ് ഔദ്യോഗികമായി സര്‍ക്കാരിന് ലഭിച്ചു. എന്നാല്‍ നിലപാടില്‍ മാറ്റമില്ല. ബെഹ്‌റക്കൊപ്പം മുഖ്യമന്ത്രിയുടെ പുതിയ പൊലീസ് ഉപദേഷ്ടാവ് മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയും കൊച്ചി യോഗത്തില്‍ പങ്കെടുക്കും. വിരമിച്ചത് മുതല്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ശ്രീവാസ്തവ കണ്ണൂര്‍ യോഗത്തില്‍ പങ്കെടുത്ത് പൊലീസുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് വിവാദമായെങ്കിലും കൊച്ചി യോഗത്തിലും പങ്കെടുക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇരുവരുടെയും കാര്യത്തില്‍ മറിച്ചൊരു തീരുമാനമോ നിര്‍ദേശമോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമില്ല എന്നതാണ് ശ്രദ്ധേയം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad