Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധക്കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം ഉടന്‍


കാസര്‍കോട് (www.evisionnews.in): റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് ഉടന്‍ ഉത്തരവുണ്ടാകും. അതേസമയം കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. 

കോഴിക്കോട്ടെ അഡ്വ. എം അശോകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും സഹായിയായി കാസര്‍കോട്ടെ അഡ്വ ഷുക്കൂറിനെയും നിയമിക്കണമെന്നാവശ്യപ്പെട്ട് സമ്മതപത്രം നല്‍കിയതായി പഴയ ചൂരി ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. റിയാസ് മൗലവിയുടെ ഭാര്യ സൈദയുടെയും അഡ്വ. അശോകന്റെയും സമ്മതപത്രം മുഖ്യമന്ത്രിക്ക് നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടേയും ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുള്ളത്. കേസിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ ഇടപെടലുകള്‍ ജമാഅത്ത് കമ്മിറ്റി നടത്തിയിട്ടുണ്ട്. അബ്ദുല്‍ നാസര്‍ മഅദനിക്ക് വേണ്ടി ഹാജരായ എം. അശോകന്‍ കേരളത്തില്‍ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനാണ്. 

റിയാസ് മൗലവി കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. യു എ പി എക്ക് സര്‍ക്കാര്‍ എതിരാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇതുസംബന്ധിച്ചുള്ള ഗൂഢാലോചന അന്വേഷിച്ചുവരികയാണെന്നാണ് മുഖ്യമന്ത്രിയും അന്വേഷണ സംഘവും അറിയിച്ചിട്ടുള്ളത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ വിചാരണ പെട്ടെന്ന് നടത്താന്‍ കഴിയുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി ആരും ജാമ്യത്തിനായി ശ്രമിച്ചിട്ടില്ല. 

ചൂരി പ്രദേശത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നു കൊലപാതകമാണ് നടന്നിരിക്കുന്നത്. മറ്റു കേസുകളിലൊന്നും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നില്ല അതുകൊണ്ട് തന്നെ റിയാസ് മൗലവി കേസില്‍ കൃത്യമായ ജാഗ്രത ജമാഅത്ത് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സി.എ അബ്ദുള്‍ ഗഫൂര്‍, സി എ സുലൈമാന്‍ ഹാജി, സി എ അബ്ദുള്‍ സത്താര്‍, ഹാരിസ് ചൂരി, സി എച്ച് നൂറുദ്ദീന്‍, ഇംത്യാസ് കാലിക്കറ്റ് പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad