ന്യൂഡല്‍ഹി : (www.evisionnews.in) അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി മാറ്റി. ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പാണ് ഇപ്പോഴത്തെ നീക്കത്തിനു കാരണം. ചൈനീസ് ഭാഷയിലെ പേരുകളാണ് ഈ സ്ഥലങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അരുണാചല്‍ പ്രദേശിനുമേല്‍ ചൈന കാലാകാലങ്ങളായി അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ദലൈലാമ അരുണാചലില്‍നിന്നു തിരിച്ചതിനു പിറ്റേന്നാണ് പേരുമാറ്റിയത്. ഏപ്രില്‍ നാലു മുതല്‍ ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്നതായിരുന്നു ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം. വിഷയത്തില്‍ ചൈന നിലപാടു കടുപ്പിക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. ടിബറ്റിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശം ഇന്ത്യ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് ചൈനയുടെ നിലപാട്. പ്രദേശത്തിനുമേലുള്ള പരമാധികാരം തങ്ങള്‍ക്കാണെന്നു ഇന്ത്യയ്ക്കു വ്യക്തമാക്കിക്കൊടുക്കുകയാണു പേരുമാറ്റലിലൂടെ ലക്ഷ്യമിട്ടതെന്നു ചൈനീസ് ഔദ്യോഗിക മാധ്യമം അറിയിച്ചു. 'തര്‍ക്കത്തില്‍പ്പെട്ടു' കിടക്കുന്ന സ്ഥലത്തു ദലൈലാമയെ പ്രവേശിപ്പിക്കരുതെന്നു നിരവധി തവണ ചൈന ആവശ്യപ്പെട്ടിരുന്നു. തെക്കന്‍ ടിബറ്റ് എന്നാണു ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്. ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ ഈ പ്രദേശം തെക്കന്‍ ടിബറ്റിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതും.
Post a Comment
0 Comments