ന്യൂഡല്‍ഹി (www.evisionnews.in): കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും തലയെടുക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിക്കുന്ന സംഘ്പരിവാര്‍ സംഘടനകള്‍ ഇക്കുറി തലയെടുക്കാന്‍ ആഹ്വാനം ചെയ്തത് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെത്. ഫാറൂഖിന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ബജ്റംഗ് ദള്‍ നേതാവായ ആഗ്രയിലെ ഗോവിന്ദ് പരാശര്‍ ആണ് പുതിയ വധാഹ്വാനം നല്‍കിയത്.
കശ്മീരില്‍ സൈന്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ന്യായീകരിക്കുന്ന ഫാറൂഖ് അബ്ദുള്ള രാജ്യദ്രോഹിയാണെന്നും ഗാവിന്ദ് പരാശര്‍ പറഞ്ഞു. ബജ്റംഗ് ദളിന്റെ ആഗ്രയിലെ ഗോ രക്ഷാ സംഘത്തിന്റെ തലവനാണ് ഗോവിന്ദ് പരാശര്‍.
ജമ്മു കശ്മീരിലെ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി ഫാറൂഖ് അബ്ദുള്ള് വിജയിച്ചിരുന്നു. കശ്മീരിലെ ഭരണപക്ഷമായ പിഡിപിയുടെ സ്ഥാനാര്‍ത്ഥി നാസിര്‍ അഹമ്മദ് ഖാനെ തോല്‍പ്പിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള ജയിച്ചത്. കശ്മീര്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ഉപതെരഞ്ഞെടുപ്പില്‍ 9000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 79 വയസുകാരനായ അബ്ദുള്ള വിജയിച്ചത്.
Post a Comment
0 Comments