ഉദുമ (www.evisionnews.in): ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശമായ ചാത്തങ്കൈ നൂമ്പില്‍ പുഴയോരത്തെ പുറമ്പോക്കില്‍ വര്‍ഷങ്ങളായി തുടരുന്ന ഭൂമി കയ്യേറ്റവും പുഴനികത്തലും കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങുന്നു. ഏക്കറുക്കണക്കിന് പുറമ്പോക്ക് ഭൂമിയാണ് ഇതിനകം സ്വകാര്യവ്യക്തികള്‍ ഉദ്യോഗസ്ഥ ഒത്താശയോടെ കയ്യേറി മതിലുകെട്ടി സ്വന്തമാക്കിയിരിക്കുന്നത്. ചാത്തങ്കൈ മാണിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഹോളിഡേ ഇന്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടലും അനധികൃത ഭൂമി കയ്യേറ്റത്തിനും പുഴകയ്യേറ്റത്തിനും മുന്നിലുണ്ട്.
ബേക്കല്‍ ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ബി.ആര്‍.ഡി.സിയാണ് 1995ല്‍ പദ്ധതി പ്രദേശത്ത് ഹോളിഡേ ഇന്‍ ഹോട്ടലിന് ഭൂമി ഏറ്റെടുത്ത് കൈമാറിയത്. ഇത് മുപ്പത് ഏക്കറോളംവരും. ചാത്തങ്കൈ നൂമ്പില്‍ പുഴയോരത്താണ് ഈ കെട്ടിടസമുച്ചയം. കൂറ്റന്‍മതില്‍ കെട്ടിനുള്ളിലാണ് ഇനിയും പണിതീരാത്ത ഹോട്ടല്‍. ഇതിനോട് ചേര്‍ന്നുള്ള പുഴയോരത്തെ കണ്ടല്‍കാടുകള്‍ നശിപ്പിച്ച് പുഴപുറമ്പോക്ക് കയ്യേറി മതില്‍കെട്ടിനുള്ളിലാക്കിയിരിക്കുകയാണ് ഹോട്ടല്‍ ഉടമ. ഹോട്ടല്‍ പറമ്പിന് ചുറ്റുംമതില്‍ കെട്ടിയതുമൂലം തലമുറകളായി താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തം പുരയിടത്തേക്ക് നടന്നുപോകാനുള്ള വഴി മുടങ്ങിയതായും പരാതിയുണ്ട്. പ്രകൃതിദത്തമായ ജലസ്രോതസുകള്‍ ഇല്ലാതാക്കിയും (www.evisionnews.in)തോടുകളും ചാലുകളും വഴിതിരിച്ചുവിട്ടും ഭൂമി കയ്യേറിയും പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയാകെ ഹോട്ടല്‍ ഗ്രൂപ്പ് തകര്‍ത്തെറിഞ്ഞതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതിന് പിന്നില്‍ ഭരണ നേതൃത്വത്തിലെ ചിലരുടെ ഒത്താശയുമുണ്ടെന്നും ആരോപണമുണ്ട്.
ഹോളിഡെ ഇന്‍ മാണിയില്‍ വന്നാല്‍ ചാത്തങ്കൈ പ്രദേശമാകെ വികസിക്കുമെന്നും കൂടുതല്‍ സൗകര്യമുള്ള റോഡ്, കുടിവെള്ള പദ്ധതികള്‍, ആസ്പത്രി, സ്‌കൂള്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകുമെന്നും വാഗ്ദാനം ചെയ്താണ് ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്ത് നല്‍കിയത്. എന്നാല്‍ പരിസരവാസികളെ കെണിയിലാക്കി നിര്‍മാണം പാതിവഴിയിലാക്കി ഉടമകള്‍ സ്ഥലംവിടുകയായിരുന്നു. പുഴയിലും പുഴയോരത്തും നടന്ന കയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പൂര്‍വസ്ഥിതിയിലാക്കുകയും കെട്ടിടം മൂലം പരിസരവാസികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. പ്രസ്തുത സ്ഥലം ജനക്ഷേമ സ്ഥാപനത്തിന് വിട്ടുനല്‍കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, റവന്യൂ വനം ജലസേചനം പൊതുമരാത്ത് വകുപ്പ് മന്ത്രിമാര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബി.ആര്‍.ഡി.സി എം.ഡിക്കും ചാത്തങ്കൈ ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കിയിട്ടുണ്ട്. ഇനിയും സര്‍ക്കാറിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനാസ്ഥയും നിസംഗതയും മാറിയില്ലെങ്കില്‍ വിപുലമായ സമരപ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സമരത്തിന്റെ ആദ്യപടിയായി അടുത്തമാസം ബിആര്‍ഡിസിയുടെ പാലക്കുന്നിലെ ഓഫീസ് ഉപരോധിക്കാനും ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post a Comment
0 Comments