Type Here to Get Search Results !

Bottom Ad

മലബാര്‍ കൈറ്റ് ഫെസ്റ്റ്: റോഡ് ഷോയും സ്‌കൈ കാന്റില്‍ ഷോയും ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഇന്ന്


കാസര്‍കോട് (www.evisionnews.in): ജില്ലാ ഭരണകൂടത്തിന്റെയും ബി.ആര്‍.ഡി.സിയുടെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് മെയ് 5,6,7 തിയതികളില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പട്ടംപറത്തല്‍ മേളയുടെ പ്രചാരണാര്‍ത്ഥം റോഡ് ഷോയും സ്‌കൈ കാന്റില്‍ ഷോയും ഇന്ന് നടക്കും. ഇന്ത്യാ സ്‌പോര്‍ട്ടിന്റെയും കെ.എല്‍ 14 മോട്ടോര്‍ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ഫോര്‍മുലാ ഡ്രൈവര്‍ മൂസാ ശരീഫ് നേതൃത്വം നല്‍കും. ഇന്ന് വൈകിട്ട് മൂന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ സമാപിക്കും. രാത്രി ഏഴു മണിക്ക് നൂറുക്കണക്കിന് വര്‍ണ്ണ  വിളക്കുകള്‍ (സ്‌കൈ കാന്റില്‍) ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെ വാനിലേക്ക് പറത്തും.

പട്ടംപറത്തല്‍ മേളയോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പട്ടംപറത്തല്‍ വിദഗ്ദര്‍ മേളയില്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടം മുതല്‍ കുഞ്ഞന്‍ പട്ടങ്ങള്‍ വരെ മൂന്ന് ദിവസങ്ങളിലായി ബേക്കലിന്റെ മാനത്ത് പറക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  പ്രശസ്തരായ പത്തോളം ദേശീയ അന്തര്‍ദേശീയ ടീമുകളാണ് മേളയിലേക്ക് എത്തുന്നത്. മേളയുടെ ഭാഗമായി വിവിധ കലാ പരിപാടികളും നടക്കും.  മണല്‍ ശില്പ നിര്‍മാണം, ഫേസ് പെയിന്റിംഗ്, ശിങ്കാരി മേളം, കഥകളി, ഒപ്പന, മാര്‍ഗ്ഗം കളി, തിരുവാതിര, മോഹിനിയാട്ടം, ദഫ്മുട്ട്, കോല്‍ക്കളി, ക്ലാസിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ രാജും ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ദില്‍ജിഷ എന്നിവര്‍ ഒരുക്കുന്ന മാസ് ഓര്‍ക്കസ്ട്രയുടെ  ഗാനമേള, ഗസല്‍ നൈറ്റ് എന്നിവയും അരങ്ങേറും. 

കൂടാതെ മെയ് ആറിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് വരെ ഇന്ത്യാ സ്‌പോര്‍ട്ടിന്റെയും പ്രശസ്ത കാറോട്ട വിദഗ്ദനും നാവിഗേറ്ററുമായ മൂസാ ശരീഫിന്റെയും നേതൃത്വത്തില്‍ ബീച്ച് റൈസിംഗ് മത്സരവും നടക്കും. മേളയുടെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി പട്ടം പറത്തല്‍ മത്സരവും ഫോട്ടോഗ്രഫി മത്സരവും നടക്കും. കുട്ടികള്‍ക്കായി പട്ടം നിര്‍മാണ പരിശീലനം പാലക്കുന്ന് ഗ്രീന്‍ വൂഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിക്കും. മേളയുടെ വിജയത്തിനായി ഇന്നലെ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാരും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad