ബന്തടുക്ക: (www.evisionnews.in) സുമംഗലി ജ്വല്ലറിയുടെ പിറക് വശത്തെ ചുമര് തുരന്ന് സ്വര്‍ണ, വെള്ളിയാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. വ്യാഴാഴ്ച്ച രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. 569.44 ഗ്രാം സ്വര്‍ണവും 4.352 കി.ഗ്രാം വെള്ളിയാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. 34,000 രൂപയും കവര്‍ന്നിട്ടുണ്ട്. ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ന്നത്. ചെറിയ ലോക്കറിനകത്തായി സൂക്ഷിച്ച 350 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല. ആദൂര്‍ സി.ഐ സിബി തോമസും സംഘവുമാണ് കേസന്വേഷിക്കുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. തുരന്ന ചുമര് ഭാഗത്ത് നിന്ന് മണംപിടിച്ച നായ ബന്തടുക്ക ബസ് സ്റ്റാന്റ് വരെ ഓടി തിരികെ എത്തി. ജ്വല്ലറി കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 16 വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. അതേസമയം ജ്വല്ലറിക്ക് സമീപത്തെ വീടുകളിലേയും മറ്റും സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കും. ഏതാനും വര്‍ഷം മുമ്പ് തൃശൂരിലെ ഒരു ജ്വല്ലറിയിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഇതേ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളും ജില്ലാ സെക്രട്ടറിയുമായ കുണ്ടംകുഴിയിലെ അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.
അശോകന്റെ തന്നെ കുണ്ടംകുഴിയിലെ ജ്വല്ലറിയില്‍ ഏഴ് മാസം മുമ്പ് കവര്‍ച്ച നടന്നിരുന്നു. ഉത്തരേന്ത്യക്കാരായ സംഘത്തെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചാ കേസിലെ പ്രധാന പ്രതികളെ ഇപ്പോഴും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആഭരണങ്ങളും കണ്ടെത്തിയിരുന്നില്ല.
Post a Comment
0 Comments